ദമ്മാം: റഷ്യ 2018 ഫുട്ബോൾ ലോകകപ്പ് ദമ്മാമിലെ കായിക പ്രേമികൾക്ക് മറക്കാനാവാത്ത ഒരു അനുഭവമായി മാറുകയാണ്.
നവോദയ ടൊയോട്ട ഏരിയയും അൽ റയാൻ പോളിക്ലിനിക്കും സംയുക്തമായി അവതരിപ്പിക്കുന്ന ലൈവ് ഫുട്ബോൾ പ്രദർശനം കായിക പ്രേമികളെ കൊണ്ട് ശ്രദ്ധേയമാവുകയാണ്. എല്ലാ രാജ്യത്തുനിന്നുമുള്ള കായിക പ്രേമികൾക്ക് ബിഗ് സ്‌ക്രീനിൽ എച്ച് ഡി. ക്വാളിറ്റിയിൽ മുഴുവൻ മത്സരങ്ങളും തത്സമയം ആസ്വദിക്കാനുള്ള അവസരമാണ് നവോദയ സാംസ്കാരിക വേദി ഇവിടെ ഒരുക്കിയിരിക്കുന്നത്
അൽ റയാൻ ആഡിറ്റോറിയം റഷ്യയിലെ ഒരു ഫുട്ബോൾ സ്റ്റേഡിയത്തിന് സമാനമാക്കുകയാണ് കാല്‍പന്ത് കളിയുടെ ആരാധകർ. ഇരിപ്പിടങ്ങള്‍ ആവേശക്കാര്‍ നേരത്തെ കയ്യേറുമ്പോള്‍ മറ്റുള്ളവര്‍ നിന്നും താഴെയിരുന്നും കാറ്റ് നിറച്ച പന്തിന്‍റെ മാമാങ്കം ആസ്വദിക്കുകയാണ്. ഫുട്ബോൾ ലോകകപ്പ് കളിയുടെ ആരാധകര്‍ രാജ്യങ്ങള്‍ സ്വന്തമാക്കി ഫാന്‍സുകള്‍ രൂപീകരിച്ചും ചേരി തിരിഞ്ഞും ആർപ്പുവിളികളോടെ ഒറ്റ മനസ്സോടെ ഒരു ഉത്സവാന്തരീക്ഷമാണ് അല്‍ റയാന്‍ ഡിസ്പെന്‍സറിയില്‍ സൃഷ്ടിക്കുന്നത് .
ഓരോ കളിയോടനുബന്ധിച്ചും വിജയിക്കുന്ന ടീമിന്‍റെ പ്രവചന മത്സരങ്ങളും ആകർഷകമായ സമ്മാനങ്ങളും നല്‍കി വരുന്നുണ്ട്. അതോടൊപ്പം അൽറയാൻ പോളിക്ലിനിക് നൽകുന്ന ഒരു വർഷത്തെ സൗജന്യ വൈദ്യ പരിശോദനക്കുള്ള അവസരവും കാണികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ശേഷം മെഗാ സമ്മാനങ്ങൾ കാണികളെ കാത്തിരിക്കുകയാണ്.ഈ അവസരം പ്രവാസികള്‍ ഉപയോഗിക്കുകയും കാല്‍പന്തിന്‍റെ നഷ്ട പ്രതാപം തിരിച്ചു പിടിക്കാനും നവോദയ ഇതിലൂടെ ഒരു സന്ദേശം നല്‍കുന്നു.
കഴിഞ്ഞ ദിവസം നടന്ന അര്ജന്റീന – നൈജീരിയ മത്സരം ഒരു ഉത്സവം പോലെയാണ് കായിക പ്രേമികൾ സ്വീകരിച്ചത് . ആകാംഷയുടെ തൊണ്ണൂറു മിനുട്ടുകൾ കഴിഞ്ഞതോടെ അർജന്റീനിയൻ ആരാധകർ അവരുടെ ടീമിന്‍റെ തിരിച്ചു വരവില്‍ വിജയയാഘോഷം നടത്തി. പ്രവചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം നവോദയ ജനറൽ സെക്രട്ടറി ശ്രീ എം എം നയീം നിർവഹിച്ചു. മത്സരം വീക്ഷിക്കുവാൻ കിഴക്കന്‍ പ്രവിശ്യയിലെ നവോദയ രക്ഷാധികാരി ശ്രീ. ഇ എം കബീർ, കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ശ്രീ. സുരേഷ് ബാബു, .ടൊയോട്ട ഏരിയ സെക്രട്ടറി ശ്രീ. നൗഫൽ വെളിയങ്കോട്, പ്രസിഡന്റ് ഉണ്ണി കെ പി, ട്രെഷറർ റൈജു ടി പി എന്നിവരും മറ്റു കേന്ദ്ര ഏരിയ നേതാക്കളും സന്നിഹിതരായിരുന്നു .
നവോദയ ടൊയോട്ട ഏരിയ കായിക വിഭാഗമാണ് ഈ പ്രദര്‍ശനങ്ങൾക്ക് നേതൃത്വം നൽകി വരുന്നത്. ലോക കപ്പ് കഴിയുന്നത് വരെ ദിവസങ്ങളിലും എല്ലാ മത്സരങ്ങളുടെയും തത്സമയ പ്രദർശനവും കാണികള്‍ക്ക് സമ്മാനങ്ങളും ഉണ്ടായിരിക്കു മെന്ന് ടൊയോട്ട നവോദയ ഓര്‍മ്മപ്പെടുത്തുകയാണ്.
റിപ്പോർട്ട്: സുബൈർ ഉദിനൂർ