റിയാദ് : പ്രമുഖ കഥകളി സഗീതജ്ഞനായ കോട്ടക്കൽ മധു റിയാദിൽ കഥകളി സംഗീതം ആലപിക്കാൻ എത്തുന്നു. തനത് കലാ ആസ്വാദകരുടെ കൂട്ടയ്മയായ ഇന്റർനാഷ്ണൽ ഇന്ത്യൻ കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന മധുരവം എന്ന പരിപാടിയിലാണ് അദ്ദേഹത്തിൻറെ കഥകളി പദ കച്ചേരി അരങ്ങേറുന്നത്.
ഇദ്ദേഹത്തെ കൂടാതെ കഥകളി സഗീതജ്ഞനായ നെടുമ്പുള്ളി രാം മോഹൻ , ചെണ്ട – ഇടക്ക ആശാനായ കോട്ടക്കൽ പ്രസാദ്, മദ്ദളം വാദ്യത്തിലെ പ്രമുഖൻ കോട്ടക്കൽ രവീന്ദ്രൻ എന്നിവരും പരിപാടിയിൽ പങ്കെടുക്കും. ജനാദ്രിയ പൈതൃകോത്സവത്തിൽ കഥകളി അരങ്ങേറ്റം നടന്നിട്ടുണ്ടെങ്കിലും സൗദി അറേബിയയിൽ ആദ്യമായാണ് കഥകളി പദ കച്ചേരി അരങ്ങേറുന്നതെന്നും ജനാദ്രിയഃയിൽ കഥകളിക്ക് ലഭിച്ച പിന്തുണയാണ് ഇത്തരത്തിൽ ഒരു പരിപാടിയെ കുറിച്ച് ചിന്തിക്കാൻ പ്രേരണ ആയതെന്നും സംഘാടകർ പറഞ്ഞു. പരിപാടിയോടനുബന്ധിച്ചു , റിയാദിലെ മുൻ വിദ്യാർത്ഥിയും കൂട്ടായ്മയിലെ അംഗമായ രവി മേനോന്റെ മകളുമായ മാളവികാ രവി മേനോൻ അവതരിപ്പിക്കുന്ന മോഹിനിയാട്ടവും ഉണ്ടായിരിക്കും.
ദുബായ് ആസ്ഥാനമായുള്ള വാട്സ്ആപ്പ് കൂട്ടയ്മയുടെ ഭാഗമായാണ് ഇന്റർനാഷ്ണൽ ഇന്ത്യൻ കൾച്ചറൽ ഫോറം പ്രവർത്തിച്ചു വരുന്നത് . വിവിധ പ്രാദേശിക , സാംസ്‌കാരിക സംഘടനകളിലെ കലാപ്രേമികളാണ് കൂട്ടായ്മയിലെ അംഗങ്ങൾ. റിയാദിലെ പുതുതലമുക്ക് തനത് കലാരൂപങ്ങൾ പരിചയപ്പെടുത്തുക എന്നതാണ് കൂട്ടായ്മയുടെ ലക്‌ഷ്യം.
നവംബർ ഇരുപത്തിമൂന്നിന് വൈകിട്ട് 6.30 മുതൽ സമാമ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ള ആസ്വാദകർക്ക് 0505287594 , 0505746642 , 0552486169 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
നെബു വർഗീസ്, പ്രദീപ് മേനോൻ , മനോജ് കുമാർ, കൊച്ചു കൃഷ്ണൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.