ദമ്മാം: ഏറെ നാളത്തെ കാത്തിരിപ്പിനും പ്രക്ഷോഭങ്ങള്‍ക്കുമൊടുവില്‍ സൗദിയില്‍ നിന്നും കോഴിക്കോട്ടേക്ക് സൗദി എയര്‍ലൈന്‍സ് വിമാന സര്‍വ്വീസ് പുനരാരംഭിച്ചതിൽ ദമ്മാം കാലിക്കറ്റ് എയര്‍പോര്‍ട്ട് യൂസേഴ്‌സ് ഫോറം സന്തോഷം പ്രകടിപ്പിച്ചു.
ദമ്മാം-കോഴിക്കോട് സെക്ടറില്‍ ആഴ്ചയില്‍ മൂന്നു സര്‍വ്വീസുകളെങ്കിലും നടത്തുന്നതിന് ജിദ്ദയില്‍ സൗദിയയുടെ കാര്യാലയ ഉദ്യോഗസ്ഥരെ കാണുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സൗദിയിലെ പ്രവാസികള്‍ വിശിഷ്യാ ജിദ്ദ, റിയാദ് എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കടുത്ത യാത്രാ ബുദ്ധിമുട്ടുകളാണ് അനുഭവിക്കുന്നത്. 2015ല്‍ റണ്‍വേ അറ്റകുറ്റ പണികള്‍ക്കായി അടച്ചിട്ടതോടെയാണ് വലിയ വിമാനങ്ങള്‍ക്ക് കോഴിക്കോട് വിലക്കു വന്നത്. അന്നു മുതല്‍ ഡിജിസിഎക്കും വിമാനത്താവള ഡയറക്ടര്‍മാര്‍ക്കും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാര്‍ക്കും യൂസേഴ്‌സ് ഫോറം നിരന്തരം നിവേദനങ്ങള്‍ നല്‍കിയിരുന്നു. കക്ഷിരാഷ്ട്രീയ ഭേദനമന്യേ വിവിധ കൂട്ടായ്മകള്‍ നടത്തിയ പോരാട്ടങ്ങളുടെ വിജയമാണ് വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയതിലൂടെ ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്. പ്രവാസികളുള്‍പ്പെടെ അതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു. അടുത്ത വര്‍ഷം ഹജ്ജ് എംബാര്‍ക്കേഷന്‍ കൂടി തിരിച്ചുവരുന്നതോടെ കോഴിക്കോട് വിമാനത്താവളം പഴയ പ്രതാപം വീണ്ടെടുക്കുമെന്നാണ് കരുതുന്നത്. യാത്രക്കാരുടെ ബാഗേജ് മോഷണവുമായി ബന്ധപ്പെട്ട് എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്കും കരിപ്പൂര്‍ പോലിസിലും ഫോറം നല്‍കിയ പരാതിയിന്മേല്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചും കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിച്ചും നടപടിയുണ്ടായതായി ഫോറം ഭാരവാഹികള്‍ വ്യക്തമാക്കി.