റിയാദ് :ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനത്തിൻറ്റെ ഭാഗമായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അടുത്ത മാസം ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോർട്ട് . ഇന്ത്യയടക്കമുള്ള വിവിധ ഏഷ്യന്‍ രാജ്യങ്ങളുമായി നിക്ഷേപ സഹകരണ ബന്ധം ഊഷ്മളമാക്കുന്നതിന്റെ ഭാഗമായാണിത്. സന്ദര്‍ശന തിയ്യതിയും ഔദ്യോഗിക പ്രഖ്യാപനവും ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.ഇന്ത്യ, പാകിസ്താന്‍, ചൈന, ജപ്പാന്‍ തുടങ്ങി വിവിധ ഏഷ്യന്‍ രാജ്യങ്ങളിലേക്കാണ് കിരീടാവകാശിയുടെ യാത്ര. യാത്ര സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം സൗദി നടത്തിയിട്ടില്ല. എന്നാല്‍ ഇന്ത്യയിലെയും വിവിധ ഏഷ്യന്‍ രാജ്യങ്ങളിലെ നയതന്ത്ര കേന്ദ്രങ്ങളെയും ഉദ്ധരിച്ചാണ് വാര്‍ത്ത. ഇത് പ്രകാരം ഇന്ത്യ, പാകിസ്താന്‍, ചൈന, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ ഫെബ്രുവരിയില്‍ സന്ദര്‍ശനമുണ്ടാകും.ജൂണില്‍ ജപ്പാനില്‍ നടക്കുന്ന ജി20 ഉച്ചകോടിക്ക് മുന്നോടിയായാണ് കിരീടവകാശിയുടെ സന്ദര്‍ശനം. ലോകത്ത് സൗദിയുടെ എണ്ണ ഏറ്റവുമധികം ഉപയോഗിക്കുന്നത് ഇന്ത്യയും ചൈനയുമാണ്. എന്നാല്‍ ഇന്ത്യയും സൗദിയും തമ്മില്‍ താരതമ്യേന നിക്ഷേപങ്ങള്‍ കുറവാണ്. ഇത് വര്‍ധിപ്പിക്കാനുള്ള നീക്കങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. സൗദി എണ്ണ ഭീമന്‍ അരാംകോയുമായി സഹകരിച്ച് നേരത്തെ വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. നവമ്പറില്‍ നടന്ന ജി20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി കിരീടാവകാശിയും തമ്മില്‍ കൂടിക്കാഴ്ച നടന്നിരുന്നു. ഊര്‍ജം, പ്രതിരോധം, ഭക്ഷ്യ സുരക്ഷ, കാര്‍ഷികം എന്നീ മേഖലകളില്‍ സഹകരണത്തിന് ഇരു കൂട്ടരും ധാരണയിലെത്തി. ഇതുമായി ബന്ധപ്പെട്ടുള്ള പ്രഖ്യാപനം സന്ദര്‍ശനം വേളയിൽ ഉണ്ടാകുമെന്നാണ് കരുതുന്നത് .