റിയാദ് – സൗദി അറേബ്യയിലെ ചരിത്രപ്രധാന നഗരങ്ങളിലൊന്നായ ദര്‍ഇയയിലെ ബുജൈരി ടെറസിലേക്ക് പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം ആരംഭിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് ടെറസും തുറൈഫ് സ്ട്രീറ്റും ടൂറിസം മന്ത്രി അഹമ്മദ് അല്‍ഖത്തീബ് ഉദ്ഘാടനം ചെയ്തത്.
63.2 ബില്യന്‍ ഡോളര്‍ ചെലവഴിച്ച് നിര്‍മ്മിച്ച ബുജൈരി ടെറസ് യുനസ്കോ പൈതൃക പട്ടികയില്‍ സ്ഥാനം പിടിച്ച ദര്‍ഇയ ഗൈറ്റിന്റെ പ്രധാന പദ്ധതികളിലൊന്നാണ്. ആധുനിക സൗകര്യങ്ങളുള്ള മണ് കെട്ടിടങ്ങള്‍ നിറഞ്ഞ ലോകത്തെ തന്നെ ആദ്യനഗരമാണ് അല്‍ബുജൈരി ടെറസ്.
മിഷേലിന് സ്റ്റാര്‍ കാറ്റഗറിയിലുള്ള ലോംഗ് ചിം, ടാറ്റില്‍, ഹക്കാസന്‍, ചെസ് ബ്രൂണോ എന്നീ നാലു റെസ്റ്റോറന്റുകളും ഫ്രാന്‍സിന് പുറത്തെ ആദ്യമായി ശാഖ തുറക്കുന്ന ഡോല എസ്പ്ലനേഡ് കഫേയും ഉള്‍പ്പെടെ 20ലധികം അന്താരാഷ്ട്ര റെസ്റ്റോറന്റുകളും ടൂറിസ്റ്റുകള്‍ കഴിക്കാനാഗ്രഹിക്കുന്ന സൗദി അറേബ്യയുടെ 13 പ്രവിശ്യയിലെയും ഭക്ഷ്യവിഭവങ്ങള്‍ വിളമ്പുന്ന പ്രമുഖ സൗദി റെസ്റ്റോന്റുകളും ഇവിടെ തുറന്നിട്ടുണ്ട്.