റിയാദ്: റിയാദിലെ ഇന്ത്യൻ എംബസി ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
നയതന്ത്രജ്ഞർ, സൗദി പൗരന്മാർ, മാധ്യമപ്രവർത്തകർ, ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ എന്നിവരുൾപ്പെടെ 700 ഓളം പേർ പരിപാടിയിൽ പങ്കെടുത്തിരുന്നു,- എംബസി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ചാർജ് ഡി അഫയേഴ്സ് എൻ. രാം പ്രസാദ് ദേശീയ പതാക ഉയർത്തിയതോടെയാണ് ആഘോഷത്തിന് തുടക്കമായത്.
തുടർന്ന് പ്രസാദ് രാഷ്ട്രത്തിനും ലോകമെമ്പാടുമുള്ള ഇന്ത്യക്കാർക്കുമായി ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമു നൽകിയ സന്ദേശം വായിച്ചു നൽകി.
പതാക ഉയർത്തൽ ചടങ്ങിന് ശേഷം രാജ്യത്തിലെ പ്രവാസികൾ അവതരിപ്പിച്ച സാംസ്കാരിക പരിപാടിയും അരങ്ങേറി.
ജിദ്ദയിൽ ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങളുടെയും കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം പതാക ഉയർത്തി.