അഴിമതി, അധികാര ദുർവിനിയോഗം : സൗദിയിൽ മുൻ ജഡ്ജിമാർക്കും ശൂറാ കൗൺസിൽ അംഗത്തിനും ശിക്ഷ

saudi

അഴിമതി, അധികാര ദുർവിനിയോഗം, കൈക്കൂലി, വ്യാജ രേഖ നിർമാണം എന്നീ കേസുകളിൽ മുൻ ജഡ്ജിമാരും ശൂറാ കൗൺസിൽ അംഗവും പബ്ലിക് പ്രോസിക്യൂഷൻ ഉദ്യോഗസ്ഥനും അംബാസഡറുമടക്കമുള്ളവരെ കോടതി ശിക്ഷിച്ചതായി ഓവർസൈറ്റ് ആന്റ് ആന്റി-കറപ്ഷൻ അതോറിറ്റി അറിയിച്ചു. പതിനൊന്നു പ്രധാന കേസുകളിൽ കോടതി പ്രഖ്യാപിച്ച ശിക്ഷ വിധികൾ അതോറിറ്റി പരസ്യപ്പെടുത്തി. മുൻശൂറാ കൗൺസിൽ അംഗം കൂടിയായ ജഡ്ജിക്ക് കൈക്കൂലി കേസിൽ ഏഴര വർഷം തടവും അഞ്ചു ലക്ഷം റിയാൽ പിഴയും കൂട്ടുപ്രതികളായ ആറു സൗദി പൗരന്മാർക്ക് രണ്ടര വർഷം വീതം തടവും ഒരു ലക്ഷം റിയാൽ പിഴയുമാണ് വിധിച്ചത്.

വ്യക്തിപരമായ നേട്ടത്തിന് അധികാര ദുർവിനിയോഗം നടത്തിയ എൻഫോഴ്‌സ്‌മെന്റ് കോടതി ചീഫ് ജസ്റ്റിസിനെ ഒരു വർഷം തടവിന് ശിക്ഷിച്ചു. വിദേശത്ത് മിലിട്ടറി അറ്റാഷെയിൽ നേരത്തെ സേവനമനുഷ്ഠിച്ചിരുന്ന ബ്രിഗേഡിയർ റാങ്കിലുള്ള സൈനിക ഉദ്യോഗസ്ഥനും മറ്റു രണ്ടു സൈനിക ഉദ്യോഗസ്ഥർക്കും അധികാര ദുർവിനിയോഗം, വ്യാജരേഖ നിർമാണം, പൊതുമുതൽ ധൂർത്തടിക്കൽ എന്നീ കേസുകളിൽ ഒരു വർഷം വീതം തടവും 20,000 റിയാൽ വീതം പിഴയുമാണ് ശിക്ഷ.

കൈക്കൂലി, കോടതി വിധിയിൽ കൃത്രിമം കാണിക്കൽ ആരോപണങ്ങളിൽ കുറ്റക്കാരാണെന്ന് തെളിഞ്ഞ ജനറൽ കോടതി മുൻ ജഡ്ജിക്ക് നാലര വർഷം തടവും 1,10,000 റിയാൽ പിഴയും ഇതേ കോടതിയിലെ മറ്റൊരു ജഡ്ജിക്ക് രണ്ടര വർഷം തടവും 10,000 റിയാൽ പിഴയും കേസിലെ കൂട്ടുപ്രതിയായ സൗദി വനിതക്ക് ആറു മാസം തടവും 10,000 റിയാൽ പിഴയുമാണ് ശിക്ഷ.

അധികാര ദുർവിനിയോഗം നടത്തി നഗരസഭ ഉപകരണങ്ങൾ തന്റെ കൃഷിയിടത്തിലെ ജോലികൾക്ക് ഉപയോഗിച്ച മുൻ നഗരസഭ മേധാവിയെ എട്ടു മാസം തടവിനും അധികാര ദുർവിനിയോഗം നടത്തിയ പ്രവിശ്യ ആരോഗ്യ വകുപ്പ് മേധാവിയെ പത്തു മാസം തടവിനും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനെ ആറു മാസം തടവിനും ആരോഗ്യ വകുപ്പുമായി കരാർ ഒപ്പുവെച്ച സ്വകാര്യ കമ്പനി ജീവനക്കാരനായ വിദേശിയെ 13 മാസം തടവിനും കോടതി ശിക്ഷിച്ചു.

അധികാര ദുർവിനിയോഗം നടത്തിയ മറ്റൊരു ജഡ്ജിക്ക് 48 മാസം തടവാണ് വിധിച്ചത്. കൈക്കൂലി, നിരോധിത വസ്തുക്കൾ ജയിലിനകത്തേക്ക് പ്രവേശിപ്പിക്കൽ എന്നീ കേസുകളിൽ പ്രതിയായ ജയിൽ വകുപ്പ് ഉദ്യോഗസ്ഥന് നാലു വർഷം തടവും 60,000 റിയാൽ പിഴയും മറ്റു രണ്ടു ജയിൽ ഉദ്യോഗസ്ഥർക്ക് മൂന്നു വർഷം വീതം തടവും 50,000 റിയാൽ വീതം പിഴയും കോടതി വിധിച്ചു. അധികാര ദുർവിനിയോഗം നടത്തി പൊതുമുതൽ വെട്ടിച്ച മുൻ അംബാസഡർക്ക് അഞ്ചു വർഷം തടവും കൈക്കൂലി കേസിൽ കുറ്റക്കാരനായ മുൻ പബ്ലിക് പ്രോസിക്യൂഷൻ ഉദ്യോഗസ്ഥന് രണ്ടു വർഷം തടവും 50,000 റിയാൽ പിഴയും ആണ് ശിക്ഷ.

കൈക്കൂലി നൽകൽ, സ്വീകരിക്കൽ, കൈക്കൂലിക്ക് മധ്യവർത്തിയായി പ്രവർത്തിക്കൽ, നിയമ വിരുദ്ധമായും രേഖകളിൽ കൃത്രിമം കാണിച്ചും തവക്കൽനാ ആപ്പിലെ ആരോഗ്യ നിലയിൽ തിരുത്തലുകൾ വരുത്തി ഇമ്മ്യൂൺ സ്റ്റാറ്റസ് ആക്കി മാറ്റൽ എന്നീ കേസുകളിൽ പ്രതികളായ 24 സൗദി പൗരന്മാർക്കും സ്വദേശി വനിതകൾക്കും ഒരു വർഷം മുതൽ രണ്ടു വർഷം വരെ തടവും 10,000 റിയാൽ മുതൽ 20,000 റിയാൽ വരെ പിഴയും കോടതി വിധിച്ചതായും ഓവർസൈറ്റ് ആന്റ് ആന്റി-കറപ്ഷൻ അതോറിറ്റി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!