അൽഖസീം പ്രവിശ്യയിൽ പെട്ട അൽറസിൽ സൗദി എൻജിനീയർ മുഹമ്മദ് അൽഖലീഫ നിർമിച്ച ഭൂഗർഭ മസ്ജിദ് വിസ്മയമാകുന്നു. തൂണുകളില്ലാതെ ഗുഹ രൂപത്തിലാണ് മണലും കല്ലുകളും ഉപയോഗിച്ച് മസ്ജിദ് നിർമിച്ചിരിക്കുന്നത്. ഉറപ്പിനു വേണ്ടി മേൽക്കൂരയിൽ കോൺക്രീറ്റ് ചെയ്തിരിക്കുന്നു. വൈദ്യുതി ഉപയോഗിക്കാതെ വെളിച്ചം ലഭിക്കാനും കുറഞ്ഞ താപനില നിലനിർത്താനും സഹായിക്കുന്ന നിലയിൽ പ്രത്യേക എൻജിനീയറിംഗ് ശൈലിയിലാണ് മസ്ജിദ് രൂപകൽപന ചെയ്തതിരിക്കുന്നത്.
സൂര്യപ്രകാശത്തിന്റെ ഗതിക്കനുസരിച്ച് വെളിച്ചം ലഭിക്കാൻ മസ്ജിദിന്റെ നിർമിതിയിൽ ഏഴു വിടവുകളുണ്ടാക്കിയിട്ടുണ്ട്. പ്രകൃതിദത്തമായ വായുസഞ്ചാരമാണ് മസ്ജിദിൽ ലഭ്യമാകുന്നത്. പതിനഞ്ചു വർഷം മുമ്പ് നിർമിച്ച മസ്ജിദിൽ ഇപ്പോഴും ആളുകൾ നമസ്കരിക്കാൻ എത്തുന്നുണ്ടെന്നും എൻജിനീയർ മുഹമ്മദ് അൽഖലീഫ പറഞ്ഞു.