റമല്ല: ഫലസ്തീൻ ജനതയ്‌ക്കെതിരായ ഇസ്രായേൽ സായുധ സേനയുടെ മാരകമായ ആക്രമണങ്ങൾ തടയാൻ അന്താരാഷ്ട്ര നടപടി വേണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു.
സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ജിദ്ദയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർ അന്താരാഷ്ട്ര സമൂഹത്തോട് തങ്ങളുടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണമെന്നും സംഘർഷം അവസാനിപ്പിക്കാൻ എല്ലാ ശ്രമങ്ങളും നടത്തണമെന്നും ആവശ്യപ്പെട്ടു.
വടക്കൻ വെസ്റ്റ് ബാങ്കിലെ നാബ്ലസിൽ ഇസ്രായേൽ നടത്തിയ റെയ്ഡിൽ മൂന്ന് ഫലസ്തീനികൾ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് സൗദി അറേബ്യാ ആവശ്യവുമായി രംഗത്തെത്തിയത്. നേരത്തെ നടന്ന ഏറ്റുമുട്ടലുകളിൽ ഇസ്രായേൽ സൈനികരുടെ വെടിയേറ്റ് ഹെബ്രോണിലെ ആശുപത്രിയിൽ പരിക്കേറ്റ 17 കാരനായ മോമെൻ ജാബർ മരിച്ചിരുന്നു.
നാല് മരണങ്ങളോടെ ഈ വർഷം വെസ്റ്റ് ബാങ്കിലും ഗാസ മുനമ്പിലും ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 130 ആയി.
“നബ്ലസ് മുതൽ ഹെബ്രോൺ വരെ, ഗാസയ്ക്കും ജെനിനും ശേഷം, എല്ലാ അധിനിവേശ പ്രദേശങ്ങളിലും നമ്മുടെ ജനങ്ങൾക്കെതിരെ തുറന്ന കുറ്റകൃത്യങ്ങൾ ചെയ്യുന്നത് തുടരുന്നു,” പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഷതയ്യ പറഞ്ഞു.