വിദേശത്ത് നിന്ന് ഹജ്ജ് ഉംറ തീർത്ഥാടനത്തിനെത്തുന്നവർ വിസ കാലാവധി അവസാനിക്കുന്നതിന് മുൻപേ തിരികെ പോകണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഹജ്ജ് കർമങ്ങൾ വിസ കാലാവധി അവസാനിക്കും മുൻപ് പൂർത്തിയാക്കണം. രാജ്യത്ത് വിസ തീർന്നശേഷം തുടർന്നാൽ ചട്ട ലംഘനമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
അതേസമയം ഉംറ വിസയിൽ എത്തുന്നവർക്ക് 30 ദിവസത്തേക്കുള്ള താമസ കാലാവധി 90 ദിവസമായി നീട്ടിയിട്ടുണ്ട്. ഈ കാലയളവിൽ മക്ക, മദീന തുടങ്ങിയ പുണ്യസ്ഥലങ്ങളും മറ്റ് നഗരങ്ങളും സന്ദർശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. കൂടാതെ രാജ്യത്തെ ഏത് വിമാനത്താവളം വഴിയും ഉംറ തീർത്ഥാടകർക്ക് പ്രവേശനവും അനുവദിക്കും.
രാജ്യത്ത് പ്രവേശിക്കുമ്പോൾ തന്നെ മന്ത്രാലയത്തിൻ്റെ ‘ നുസക് ‘ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണെന്നും മന്ത്രാലയം അറിയിച്ചു. രജിസ്റ്റർ ചെയ്താൽ മാത്രമേ ഉംറ പെർമിറ്റ് ലഭിക്കുകയുള്ളു. അതോടൊപ്പം വിനോദ സഞ്ചാരം, സന്ദർശനം, ഉംറ തുടങ്ങിയ ഏത് വിസ വഴിയും സൗദിയിലേക്ക് പ്രവേശിക്കാൻ സാധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.