റിയാദ് – ഉപഭോക്താക്കളുടെ സമ്മതം ഇല്ലാതെ ബാങ്കുകൾ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങൾ ഉപഭോക്താക്കൾക്ക് പരസ്യങ്ങൾ അയക്കുന്നത് കേന്ദ്ര ബാങ്ക് വിലക്കി. ഉപയോക്താക്കളിൽ നിന്ന് രേഖാമൂലമോ ഓൺലൈൻ ആയോ സമ്മതം നേടിയ ശേഷം മാത്രമേ ധനകാര്യ സ്ഥാപനങ്ങൾ ഉപയോക്താക്കൾക്ക് പരസ്യങ്ങൾ അയക്കാൻ പാടുള്ളൂ. ധനകാര്യ സ്ഥാപനങ്ങളുടെ പരസ്യങ്ങൾക്ക് 14 വ്യവസ്ഥകൾ ബാധകമാണ്.
പതിനെട്ടിൽ കുറവ് പ്രായമുള്ളവരെ ലക്ഷ്യമിട്ട് വായ്പ പരസ്യങ്ങൾ അയക്കുന്നതിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തി. പ്രലോഭിപ്പിക്കുന്നതോ തെറ്റിദ്ധരിപ്പിക്കുന്നതോ കൃത്യമല്ലാത്തതോ ആയ പരസ്യ രീതികൾ ഉപയോഗിക്കുന്നത് ധനകാര്യ സ്ഥാപനങ്ങൾ ഒഴിവാക്കണം. കൂടാതെ പരസ്യം ചെയ്യുന്നതും പ്രൊമോട്ട് ചെയ്യുന്നതുമായ ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും ഗുണങ്ങൾ പെരുപ്പിച്ചു കാണിക്കാനും പാടില്ല.
പരസ്യങ്ങളിൽ ധനകാര്യ സ്ഥാപനങ്ങളുടെ പേരും എംബ്ലവും സ്ഥാപനവുമായി ആശയവിനിമയം നടത്താനുള്ള വിവരങ്ങളും ഉൽപന്നത്തിന്റെയും സേവനത്തിന്റെയും പേരും അടിസ്ഥാന വ്യവസ്ഥകളും ഉൾപ്പെടുത്തുന്നത് നിർബന്ധമാണ്. സേവനവും ഉൽപന്നവും ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട മുഴുവൻ ഫീസുകളും കമ്മീഷനുകളും പരസ്യങ്ങളിൽ ഉൾപ്പെടുത്തണമെന്ന് വ്യവസ്ഥയുണ്ട്. ഇൻഷുറൻസ് പോളിസിയെ കുറിച്ച പരസ്യമാണെങ്കിൽ നിരക്കുകളിൽ മുഴുവൻ ഫീസുകളും ഉൾപ്പെടുത്തിയിട്ടുണ്ടോയെന്ന് പ്രത്യേകം വെളിപ്പെടുത്തണം. ഉൽപന്നങ്ങളും സേവനങ്ങളും പ്രയോജനപ്പെടുത്താനുള്ള മിനിമം മാനദണ്ഡങ്ങളും പരസ്യത്തിൽ ഉൾപ്പെടുത്തൽ നിർബന്ധമാണ്.
പരസ്യത്തിൽ പരാമർശിക്കുന്ന ഹ്രസ്വ ചിഹ്നങ്ങളെ അറബിയിൽ വ്യക്തമായി വിശദീകരിച്ചിരിക്കണം. വായ്പ സേവനത്തെയോ ഉൽപന്നത്തെയോ കുറിച്ചുള്ള പരസ്യമാണെങ്കിൽ ഉപയോക്താവിൽ നിന്ന് ഈടാക്കുന്ന വാർഷിക പലിശ നിരക്കും വായ്പ കാലയളവും വ്യക്തമാക്കിയിരിക്കേണ്ടതാണ്. റിയൽ എസ്റ്റേറ്റ് വായ്പകളെ കുറിച്ച പരസ്യങ്ങളിൽ ടേം കോസ്റ്റിൽ വ്യത്യാസമുണ്ടാകുമെങ്കിൽ അക്കാര്യവും ഫിക്‌സഡ് ആണെങ്കിൽ അക്കാര്യവും പ്രത്യേകം വ്യക്തമാക്കലും നിർബന്ധമാണെന്ന് സെൻട്രൽ ബാങ്ക് വ്യക്തമാക്കി.