എല്ലാ പ്രായത്തിലുമുള്ള കുട്ടികൾക്കും വിശുദ്ധ ഹറമിലേക്കും മസ്ജിദുന്നബവിയിലേക്കും പ്രവേശനം നൽകുന്നതായി ഹജ്, ഉംറ മന്ത്രാലയ വക്താവ് എൻജിനീയർ ഹിശാം സഈദ് പറഞ്ഞു. നമസ്‌കാരങ്ങൾ നിർവഹിക്കാൻ വേണ്ടി വിശുദ്ധ ഹറമിൽ പ്രവേശിക്കാൻ വിശ്വാസികൾക്ക് പെർമിറ്റുകൾ നൽകുന്ന രീതി റദ്ദാക്കിയതോടെ ബന്ധുക്കളെ അനുഗമിക്കുന്ന എല്ലാ പ്രായവിഭാഗത്തിലും പെട്ട കുട്ടികളെ ഇരു ഹറമുകളിലും പ്രവേശിക്കാൻ അനുവദിക്കുന്നുണ്ട്. ഉംറ നിർവഹിക്കാനും മസ്ജിദുന്നബവി റൗദ ശരീഫിൽ നമസ്‌കാരം നിർവഹിക്കാനും പെർമിറ്റുകൾ അനുവദിക്കുന്നതിന് കുട്ടികൾക്കുള്ള മിനിമം പ്രായപരിധി അഞ്ചു വയസാണെന്നും എൻജിനീയർ ഹിശാം സഈദ് പറഞ്ഞു.
വിശുദ്ധ റമദാനിൽ ഉംറ ബുക്കിംഗുകൾ പൂർത്തിയായെന്ന നിലക്ക് പ്രചരിക്കുന്ന റിപ്പോർട്ടുകൾ ശരിയല്ലെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. റമദാനിൽ ഉംറ കർമം നിർവഹിക്കാൻ ഇപ്പോഴും പെർമിറ്റുകൾ ലഭ്യമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ഹജ് നിർവഹിക്കാൻ വലിയ തോതിൽ ആളുകൾക്ക് അനുമതി ലഭിക്കുമെന്നും ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു.