ജിദ്ദ: ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ സൗദി വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാൻ അനുമതി. ബ്യൂറോക്രസിയെ ലഘൂകരിക്കാനും കൂടുതൽ സന്ദർശകർക്ക് തീർഥാടനം അനുവദിക്കാനുമാണ് ഈ നീക്കം ലക്ഷ്യമിടുന്നത്.
ഈ വർഷത്തെ ഉംറ സീസണിന്റെ തുടക്കത്തോടനുബന്ധിച്ച്, ആചാരാനുഷ്ഠാനങ്ങൾ സുഗമമാക്കുന്നതിനും ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകുന്നതിനും തീർത്ഥാടകരുടെ മതപരമായ അനുഭവങ്ങൾ സമ്പന്നമാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം.
മഖാം പ്ലാറ്റ്‌ഫോം തീർഥാടകരെ അംഗീകൃത ടൂറിസം കമ്പനികളുമായും ഏജൻസികളുമായും ബന്ധിപ്പിക്കുന്നു. രാജ്യത്തിന് പുറത്തുള്ള ഉപയോക്താക്കൾക്കും ഇതിലൂടെ ഉംറ വിസയ്ക്ക് അപേക്ഷിക്കാം, maqam.gds.haj.gov.sa എന്ന വെബ്‌സൈറ്റിൽ പ്ലാറ്റ്ഫോം ലഭ്യമാണ്.
വിസിറ്റ് സൗദി പ്ലാറ്റ്‌ഫോം ഇലക്ട്രോണിക് വിസകൾ നൽകുന്നതും ഉംറ ബണ്ടിലുകൾ വാങ്ങുന്നതും ഉൾപ്പെടെയുള്ള ഇ-സേവനങ്ങൾ നൽകുന്നു. visitsaudi.com/ar എന്നതിലും സേവനം ലഭ്യമാണ്.
ഇലക്ട്രോണിക് വിസകൾക്ക് യോഗ്യരായ രാജ്യങ്ങളിൽ നിന്നുള്ള ഓൺ-അറൈവൽ വിസയുള്ളവർക്കും യുഎസ്, യുകെ, ഷെഞ്ചൻ വിസ ഉടമകൾക്കും എളുപ്പത്തിൽ ഉംറ ചടങ്ങുകൾ നടത്താം, വിസകൾ ഒരു തവണ മാത്രം ഉപയോഗിക്കുകയും ഇഷ്യൂ ചെയ്യുന്ന രാജ്യത്തിന്റെ മുദ്ര കൈവശം വയ്ക്കുകയും ചെയ്താൽ മതി.