റിയാദ് – സൽമാൻ രാജാവിന്റെ ക്ഷണം സ്വീകരിച്ച് മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ഔദ്യോഗിക സന്ദർശനത്തിനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ് ഇന്ന് റിയാദിലെത്തും. സൽമാൻ രാജാവിന്റെയും ചൈനീസ് പ്രസിഡന്റിന്റെയും അധ്യക്ഷതയിൽ സൗദി-ചൈന ഉച്ചകോടി നടക്കും.
ഗൾഫ്-ചൈന സഹകരണ, വികസന ഉച്ചകോടിയിലും അറബ്-ചൈന സഹകരണ, വികസന ഉച്ചകോടിയിലും ചൈനീസ് പ്രസിഡന്റ് പങ്കെടുക്കും. സർവ മേഖലകളിലും ഗൾഫ്, അറബ് രാജ്യങ്ങളും ചൈനയും തമ്മിലുള്ള ബന്ധങ്ങൾ ശക്തമാക്കുന്നതിനെയും സാമ്പത്തിക, വികസന സഹകരണം ശക്തി പെടുത്തുന്നതിനെയും കുറിച്ച് ഉച്ചകോടിയിൽ രാഷ്ട്ര നേതാക്കൾ വിശകലനം ചെയ്യും.
സൗദി, ചൈന സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ചാർട്ടറിലും ഉച്ചകോടിക്കിടെ ഒപ്പുവെക്കും. സൗദി അറേബ്യയുടെ വിഷൻ 2030 പദ്ധതിക്കും ചൈനയുടെ ബെൽറ്റ് ആന്റ് റോഡ് ഇനീഷ്യേറ്റീവിനും ഇടയിലുള്ള സമന്വയ പദ്ധതിയും സൗദി, ചൈന സാംസ്കാരിക സഹകരണത്തിനുള്ള പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ അവാർഡും ഉച്ചകോടിക്കിടെ പ്രഖ്യാപിക്കും.
കഴിഞ്ഞ അഞ്ചു വർഷമായി ചൈന സൗദി അറേബ്യയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയാണ് . 2018 മുതൽ സൗദി അറേബ്യ ഏറ്റവുമധികം കയറ്റുമതി നടത്തുന്നത് ചൈനയിലേക്കാണ്. സൗദിയിലേക്ക് ഏറ്റവുമധികം ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതും ചൈനയിൽ നിന്നാണ്. കഴിഞ്ഞ വർഷം ഉഭയകക്ഷി വ്യാപാരം 30,900 കോടി റിയാലായി ഉയർന്നിരുന്നു. ഇക്കാലയളവിൽ ചൈന അറബ് ലോകത്ത് 19,690 കോടി ഡോളറിന്റെ നിക്ഷേപമാണ് നടത്തിയത്.
ചൈന-അറബ് ഉച്ചകോടിയിൽ 14 അറബ് രാജ്യങ്ങളുടെ പ്രസിഡന്റുമാരും ഭരണാധികാരികളും പങ്കെടുക്കുമെന്ന് നയതന്ത്ര വൃത്തങ്ങൾ വ്യക്തമാക്കി.