റിയാദിൽ സാമ്പത്തിക സിറ്റിയായി പ്രഖ്യാപിച്ച് പ്രവര്‍ത്തനം തുടങ്ങിയ കിംഗ് അബ്ദുല്ല ഫൈനാന്‍ഷ്യല്‍ സിറ്റി ഉടന്‍ നാടിന് സമര്‍പ്പിക്കും. ഇവിടുത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. വിദേശ നിക്ഷേപകരുടെയും രാജ്യാന്തര കമ്പനികളുടെയും ആസ്ഥാനങ്ങള്‍ ഇവിടേക്ക് മാറ്റുമെന്നും പ്രത്യേക സാമ്പത്തിക നഗരമാക്കി ഇതിനെ രൂപാന്തരപ്പെടുത്തുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന് കീഴിലാണ് മൂന്നു മില്യന്‍ ചതുരശ്രമീറ്റര്‍ വിസ്തൃതി വരുന്ന ഈ സാമ്പത്തിക നഗരം. ലോകത്തെ ഏറ്റവും പ്രമുഖരായ 22 എഞ്ചിനീയര്‍മാര്‍ക്കായിരുന്നു ഇതിന്റെ നിര്‍മാണ ചുമതല.
‘ലീഡര്‍ഷിപ്പ് ഇന്‍ എനര്‍ജി ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ ഡിസൈന്‍’ പ്രോഗ്രാമില്‍ നിന്ന് പ്ലാറ്റിനം സര്‍ട്ടിഫിക്കറ്റ് നേടിയ ലോകത്തിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് വികസന പദ്ധതിയാണിത്.