സൗദിയില്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 955 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. രാജ്യത്ത് പുതുതായി 658 പേര് രോഗമുക്തരാവുകയും രണ്ടു കൊറോണ രോഗികള്‍ മരിക്കുകയും ചെയ്തു. ഗുരുതരാവസ്ഥയില്‍ 90 പേര് ചികിത്സയിലാണ്.
മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നതിലുള്ള വീഴ്ചകളാണ് സൗദിയില്‍ ദീര്‍ഘകാലത്തെ ഇടവേളക്കു ശേഷം പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കാരണമെന്ന് ആരോഗ്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. ഹാനി ജോഖ്ദാര് പറഞ്ഞു. നേരത്തെ മുന്‍കരുതല്‍ നടപടികള്‍ സമൂഹം ശക്തമായി പാലിച്ചിരുന്നു. ആവര്‍ത്തിച്ച് കോവിഡ് ബാധിക്കുന്നതിലൂടെ രോഗം നിസ്സാരമായിരിക്കുമെന്ന് ചിലര്‍ ധരിച്ചു. ഇത് മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നതില്‍ സമൂഹത്തില്‍ അലസതയും അലംഭാവവുമുണ്ടാക്കി. പതിവ് സാമൂഹിക ബന്ധങ്ങളും കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ ഇടയാക്കി. ഒമിക്രോണ്‍ ശേഷം പുതിയ വൈറസ് വകഭേദങ്ങളൊന്നും പ്രത്യക്ഷപ്പെട്ടിട്ടില്ല. എന്നാല്‍ ഒമിക്രോണ്‍ വകഭേദത്തിനകത്ത് പ്രത്യക്ഷപ്പെട്ട ശ്രേണികള്‍ സൗദിയിലും ലോകത്തും രോഗബാധാ നിരക്ക് ഉയരാന്‍ ഇടയാക്കി.
പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിച്ചത് ആരോഗ്യ മേഖലയെ ബാധിച്ചിട്ടില്ല. സമൂഹത്തില്‍ 80 ശതമാനം പേരും വാക്സിന് സ്വീകരിച്ചിട്ടുണ്ട്. സാമൂഹിക പ്രതിരോധ ശേഷി ഉയര്‍ന്നതിന്റെ ഫലമായി, കോവിഡ് കേസുകളിലുള്ള വര്‍ധന ആരോഗ്യ മേഖലയെ കാര്യമായി ബാധിക്കില്ല. രാജ്യത്ത് നിലവില്‍ സ്ഥിതിഗതികള്‍ ആശ്വാസകരമാണ്.