ജിദ്ദ – ജിദ്ദയിൽ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ ദക്ഷിണ ജിദ്ദയിലെ അല്‍അജാവീദ് ഡിസ്ട്രിക്ട് അടക്കമുള്ള പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. 2009ലേതിന് സമാനമായ പ്രളയ ദുരന്തമാണ് അല്‍അജാവീദ് ജില്ലയിലുണ്ടായത്.
2009 ല്‍ അല്‍അജാവീദ് ഡിസ്ട്രിക്ടില്‍ കാറുകള്‍ കൂട്ടത്തോടെ ഒഴുക്കില്‍ പെട്ട് ഖുവൈസ ഡിസ്ട്രിക്ടില്‍ എത്തിയിരുന്നു. 2009 ല്‍ ജിദ്ദയില്‍ വന്‍ നാശം വിതച്ച പ്രളയ ദുരന്തമുണ്ടായ ദിവസം പെയ്തതിന്റെ ഇരട്ടിയിലേറെ മഴയാണ് വ്യാഴാഴ്ച രാവിലെ എട്ടു മുതല്‍ ഉച്ചക്ക് രണ്ടു വരെ നഗരത്തില്‍ പെയ്തതായി ദേശീയ കാലാവസ്ഥാന നിരീക്ഷണ കേന്ദ്രം അറിയിച്ചത്. 2009 ല്‍ 74 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. വ്യാഴാഴ്ച മണിക്കൂറുകള്‍കൊണ്ടാണ് 179.6 മില്ലിമീറ്റര്‍ മഴ ലഭിച്ചത്. നഗരത്തില്‍ ഒരു വര്‍ഷത്തില്‍ ശരാശരി ലഭിക്കുന്ന മഴക്ക് തുല്യമായ മഴയാണ് വ്യാഴാഴ്ച മാത്രം ലഭിച്ചതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഗവേഷണ വിഭാഗം മേധാവി ഡോ. യാസിര്‍ അല്‍ഖലാഫ് പറഞ്ഞു.
ജിദ്ദയിലും ജിദ്ദക്കും മക്കക്കും ഇടയിലെ ബഹ്‌റയിലും നിരവധി സ്ഥലങ്ങളില്‍ മഴ മൂലം വൈദ്യുതി വിതരണവും മുടങ്ങിയിരുന്നു. അതേസമയം വ്യാഴാഴ്ച നഗരത്തിലുണ്ടായ കനത്ത മഴയിലും പ്രളയത്തിലും നാശനഷ്ടങ്ങള്‍ നേരിട്ടവര്‍ക്ക് 2009 ല്‍ ജിദ്ദയിലുണ്ടായ പ്രളയ ദുരന്തത്തില്‍ നഷ്ടപരിഹാര വിതരണത്തിന് അവലംബിച്ച അതേ മാനദണ്ഡങ്ങളുടെയും വ്യവസ്ഥകളുടെയും സംവിധാനത്തിന്റെയും അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം വിതരണം ചെയ്യുമെന്ന് ജിദ്ദ നഗരസഭ വ്യക്തമാക്കി.
നഷ്ടപരിഹാരത്തിനായി ഇതുമായി ബന്ധപ്പെട്ട എല്ലാ സര്‍ക്കാര്‍ വകുപ്പുകളെയും ഉള്‍പ്പെടുത്തി രൂപീകരിച്ച ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ സെന്ററിന് അപേക്ഷ നല്‍കുകയാണ് വേണ്ടത്. ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ സെന്റർ നശനഷ്ടങ്ങളുടെ കണക്കുകള്‍ ശേഖരിച്ച് നഷ്ടപരിഹാര വിതരണത്തിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് ജിദ്ദ നഗരസഭ വക്താവ് മുഹമ്മദ് അല്‍ബഖമി പറഞ്ഞു.