ജിദ്ദ ചേരിവികസന പദ്ധതിയുടെ ഭാഗമായി ആറു ഡിസ്ട്രിക്ടുകളിൽ ഒഴിപ്പിക്കൽ സമയത്തിൽ മാറ്റം വരുത്തിയതായി ചേരിവികസന കമ്മിറ്റി അറിയിച്ചു. അൽമുൻതസഹാത്, ഖുവൈസ, അൽഅദ്ൽ, അൽഫദ്ൽ, ഉമ്മുസലം, കിലോ 14 എന്നീ ഡിസ്ട്രിക്ടുകളിലെ ഒഴിപ്പിക്കൽ സമയക്രമത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. അൽമുൻതസഹാത് ഡിസ്ട്രിക്ട് നിവാസികൾക്ക് ജൂലൈ 23 ന് നോട്ടീസ് നൽകുകയും ഓഗസ്റ്റ് ആറിന് വൈദ്യുതി, ജല കണക്ഷനുകൾ വിച്ഛേദിക്കുകയും ചെയ്യും. ഇവിടെ ഓഗസ്റ്റ് 22 മുതൽ കെട്ടിടം പൊളിക്കൽ ജോലികൾ ആരംഭിക്കും. ഡിസംബർ 12 നു മുമ്പായി കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന ജോലികൾ പൂർത്തിയാക്കും.
ഖുവൈസ ഡിസ്ട്രിക്ടിൽ ഓഗസ്റ്റ് 14 ന് നോട്ടീസ് നൽകി 28 മുതൽ ജല, വൈദ്യുതി കണക്ഷനുകൾ വിച്ഛേദിച്ച് സെപ്റ്റംബർ നാലു മുതൽ പൊളിക്കൽ ജോലികൾ ആരംഭിക്കുകയും സെപ്റ്റംബർ 14 ഓടെ കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന ജോലികൾ പൂർത്തിയാക്കുകയും ചെയ്യും. അൽഅദ്ൽ, അൽഫദ്ൽ ഡിസ്ട്രിക്ടുകളിലെ നിവാസികൾക്ക് ഓഗസ്റ്റ് 27 ന് കെട്ടിടങ്ങൾ ഒഴിയാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകും. സെപ്റ്റംബർ 10 മുതൽ ഇവിടെ ജല, വൈദ്യുതി കണക്ഷനുകൾ വിച്ഛേദിക്കും. കെട്ടിടം പൊളിക്കൽ ജോലികൾ ഒക്‌ടോബർ ഒന്നു മുതൽ ആരംഭിക്കുകയും 22 ഓടെ പൊളിക്കൽ ജോലികൾ പൂർത്തിയാക്കുകയും ചെയ്യും. ജനുവരി 22 നു മുമ്പായി കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന ജോലികൾ പൂർത്തിയാക്കും.
ഉമ്മുസലം, കിലോ 14 ഡിസ്ട്രിക്ടുകളിൽ സെപ്റ്റംബർ 17 നോട്ടീസ് നൽകും. ഒക്‌ടോബർ ഒന്നിനാണ് ഇവിടെ ജല, വൈദ്യുതി കണക്ഷനുകൾ വിച്ഛേദിക്കുക. ഒക്‌ടോബർ 15 മുതൽ 29 വരെയുള്ള കാലത്ത് പൊളിക്കൽ ജോലികൾ പൂർത്തിയാക്കി ജനുവരി 29 ന് മുമ്പായി അവശിഷ്ടങ്ങൾ നീക്കം ചെയ്യുമെന്ന് ചേരിവികസന കമ്മിറ്റി അറിയിച്ചു.