മണിക്കൂറുകള്‍ നീണ്ട അനിശ്ചിത്വത്തിനുശേഷം ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍സര്‍വീസുകള്‍ സാധാരണ നിലയിലെത്തി. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിവരെ വിമാനത്താവളത്തിലെത്തിയ ബഹുഭൂരിപക്ഷം മലയാളി, ഇന്ത്യന്‍ ഉംറ തീര്‍ഥാടകര്‍ക്കും ബോര്‍ഡിംഗ് പാസ് ലഭിച്ചു. ഇവരെല്ലാം രാത്രിയോടെതന്നെ വിമാനങ്ങളില്‍ നാട്ടിലേക്ക് പുറപ്പെട്ടിരുന്നു. വളരെ കുറച്ചു പേര്‍ക്ക് മാത്രമാണ് യാത്ര തടസ്സപ്പെട്ടത്.
സലാം എയര്‍, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, എയര്‍ അറേബ്യ തുടങ്ങിയ വിമാനങ്ങളിലാണ് മലയാളികളടക്കമുള്ള തീര്‍ഥാടകര്‍ മടങ്ങിയത്. എന്നാല്‍ മസ്‌കത്ത് വഴി തിരുവനന്തപുരത്തേക്കുള്ള സലാം എയര്‍ വിമാനത്തില്‍ പോകേണ്ടിയിരുന്ന ചിലര്‍ക്ക് ബോര്‍ഡിംഗ് പാസ് ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ട് ഉണ്ട്.