ജിസാനിൽ തെരുവു നായ്ക്കളുടെ ആക്രമണത്തിൽ ആറു വയസ്സുകാരിക്ക് ഗുരുതരമായി പരിക്കേറ്റു. കുടുംബാംഗങ്ങൾക്കൊപ്പം പെരുന്നാൾ വസ്ത്രങ്ങൾ വാങ്ങാൻ ഷോപ്പിംഗിന് എത്തിയ സമയത്താണ് ജിസാൻ സൂഖിൽ വെച്ച് സൗദി ബാലിക അലീൻ അറഫാത്ത് സൈലഇനെ മൂന്നു തെരുവു നായ്ക്കൾ കൂട്ടംചേർന്ന് ആക്രമിച്ചത്.
കുടുംബാംഗങ്ങൾ ഷോപ്പിംഗ് നടത്തുന്നതിനിടെ വ്യാപാര സ്ഥാപനത്തിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ ബാലികയെ സമീപത്തുണ്ടായിരുന്ന തെരുവു നായ്ക്കൾ ആക്രമിക്കുകയായിരുന്നു. ഇത് കണ്ട് ബാലികയുടെ മാതാവ് ബഹളം വെച്ചത് കേട്ട് ആളുകൾ ഓടിക്കൂടി നായ്ക്കളെ ആട്ടിയോടിക്കുകയായിരുന്നു. പരിക്കേറ്റ ബാലികയെ ജിസാൻ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സക്കായി ബാലികയെ പിന്നീട് കിംഗ് ഫഹദ് സെൻട്രൽ ആശുപത്രിയിലേക്ക് മാറ്റി.