റിയാദ് – ടൂറിസം മേഖലാ സ്ഥാപനങ്ങളുടെ നിയമ ലംഘനങ്ങൾക്കുമുള്ള പിഴകൾ ടൂറിസം മന്ത്രാലയം നിർണയിച്ചു. ടൂറിസം മേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ കൃത്യത കൊണ്ടുവരാനാണ് പുതിയ നടപടി. ഇതിലൂടെ വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾ കൈവരിക്കാൻ സാധിക്കും വിധം ടൂറിസം മേഖലയുടെ പങ്ക് ശക്തമാക്കാനും ഇടപാടുകാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും കഴിയുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ.
നിയമ ലംഘനങ്ങൾക്ക് പരമാവധി രണ്ടര ലക്ഷം റിയാൽ വരെയാണ് പിഴ ലഭിക്കുക.
രാജ്യത്തെ നഗരങ്ങളെയും ചെറുനഗരങ്ങളെയും മൂന്നായി തരംതിരിച്ചും സ്ഥാപനങ്ങളെ അഞ്ചായി തരംതിരിച്ചുമാണ് നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ നിർണയിച്ചിരിക്കുന്നത്. ഇതനുസരിച്ച് ടൂറിസം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന നഗരങ്ങൾക്കനുസരിച്ച് ഒരേ നിയമ ലംഘനങ്ങൾക്ക് വ്യത്യസ്ത പിഴകളാണ് നിശ്ചയിച്ചിട്ടുള്ളത്.
റിയാദ്, മക്ക, മദീന, ബുറൈദ, ദമാം, അബഹ, തബൂക്ക്, ഹായിൽ, അറാർ, ജിസാൻ, നജ്റാൻ, അൽബാഹ, സകാക്ക, ദിർഇയ, അൽഹസ, അൽകോബാർ, ദഹ്റാൻ, ജുബൈൽ, ജിദ്ദ, തായിഫ്, ഖമീസ് മുശൈത്ത്, യാമ്പു, ഉനൈസ എന്നീ നഗരങ്ങളും വൻകിട വികസന പദ്ധതികളായ റെഡ്സീ, അമാലാ, നിയോം, ദിർഇയ, ഖിദിയ, അൽഉല എന്നിവയും ഒന്നാം വിഭാഗത്തിൽ പെടുന്നവയാണ്.
അൽഗാത്ത്, ശഖ്റാ, അൽനമാസ്, തന്നൂമ, ബില്ലസ്മർ, രിജാൽ അൽമഅ്, അൽസൂദ, അൽബിർക്, ഫൈഫ, ഫുർസാൻ ദ്വീപ്, അൽവജ്, ഉംലജ്, ഹഖ്ൽ, അൽബിദഅ്, ദിബാ, തൈമാ, ബൽജുർശി, മഖ്വാ, ദോമത്തുൽജന്ദൽ, ഖൈബർ, ബദ്ർ, റാസ്തന്നൂറ എന്നീ ചെറുനഗരങ്ങൾ രണ്ടാം വിഭാഗത്തിൽ പെടുന്നു. ശേഷിക്കുന്ന നഗരങ്ങളും പ്രദേശങ്ങളുമാണ് മൂന്നാം വിഭാഗത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.