റിയാദ്- തബൂക്കില്‍ ഏഴു പേര്‍ മരിച്ച അപകടത്തിന്റെയും റിയാദിലെ അല്‍മഹ്ദിയയില്‍ ഒരു കുടുംബത്തിലെ മുഴുവന്‍ പേരും മരിച്ച അപകടത്തിന്റെയും കാരണം മൊബൈല്‍ ഫോണ്‍ ആയിരുന്നുവെന്ന് ഗതാഗതവകുപ്പ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹ്‌സിന്‍ അല്‍സഹ്‌റാനി വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന മിക്ക അപകടങ്ങള്‍ക്കും കാരണവും വാഹനമോടിക്കുന്നതിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗമാണെന്ന് അദ്ദേഹം പറഞ്ഞു.
തബൂക്കിലെയും റിയാദിലെയും അപകടങ്ങള്‍ ഈ വര്‍ഷമാണ് നടന്നത്. മഹ്ദിയയില്‍ നടന്ന അപകടത്തില്‍ കുടുംബത്തിലെ എല്ലാവരും മരിച്ചതിനെ തുടര്‍ന്ന് ഈ വീട് അടച്ചിട്ടിരിക്കുകയാണ്. 2016ല്‍ ഒരു ലക്ഷം പേരില്‍ 27 പേര്‍ എന്ന തോതില്‍ അപകടത്തില്‍ മരിച്ചിരുന്നു. 2021ല്‍ അത് 13.17 ആയി കുറഞ്ഞു. അപകടങ്ങള്‍ കുറക്കാന്‍ ഗതാഗതവകുപ്പ് നടത്തിയ നിരന്തരശ്രമങ്ങളുടെ ഫലമാണിത്. 2030 ഓടെ ഒരു ലക്ഷം പേരില്‍ 8 പേര്‍ എന്ന തോതിലാക്കി കുറക്കുമെന്നും അദ്ദേഹം പറഞ്ഞു.