മക്കയിലും മദീനയിലും വിദേശികൾക്ക് റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശം നൽകുന്ന നിലക്ക് ബന്ധപ്പെട്ട നിയമത്തിൽ ഭേദഗതികൾ വരുത്തുന്നു. വിദേശികൾക്ക് സൗദിയിൽ റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശം നൽകുന്ന നിയമത്തിൽ ഭേദഗതി വരുത്തിയാണ് മക്കയിലും മദീനയിലും വിദേശികൾക്ക് റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശം നൽകാൻ നിക്ഷേപ മന്ത്രാലയം നീക്കം നടത്തുന്നത്. മക്കയിലും മദീനയിലും ഹറം പരിധികളിൽ പ്രവേശന വിലക്കുള്ളവർക്ക് ഇവിടങ്ങളിൽ റിയൽ എസ്റ്റേറ്റുകൾ സ്വന്തമാക്കാനും നിക്ഷേപ ആവശ്യത്തോടെ പ്രയോജനപ്പെടുത്താനും വിലക്കുണ്ടാകും. മക്കയും മദീനയും അടക്കം സൗദിയിൽ എവിടെയും റിയൽ എസ്റ്റേറ്റുകൾ ഉടമപ്പെടുത്താനും നിക്ഷേപ ആവശ്യത്തോടെ പ്രയോജനപ്പെടുത്താനും പുതിയ ഭേദഗതി വിദേശികളെ അനുവദിക്കുന്നു.
കരടു നിയമ ഭേദഗതി പൊതുസമൂഹത്തിന്റെയും വിദഗ്ധരുടെയും അഭിപ്രായ, നിർദേശങ്ങൾക്കു വേണ്ടി നിക്ഷേപ മന്ത്രാലയം പരസ്യപ്പെടുത്തി. അടുത്ത മാസം പതിനെട്ടു വരെ കരടു ഭേദഗതിയിൽ എല്ലാവർക്കും അഭിപ്രായ, നിർദേശങ്ങൾ പ്രകടിപ്പിക്കാവുന്നതാണ്. സൗദിയിൽ റിയൽ എസ്റ്റേറ്റ് മേഖലയിലെ വിദേശികളുടെ ഉടമസ്ഥാവകാശവും നിക്ഷേപവും നിയന്ത്രിക്കുന്ന വ്യവസ്ഥകൾ കൃത്യമായി നിർണയിക്കാനാണ് നിയമ ഭേദഗതിയിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. സൗദിയിൽ നിയമാനുസൃതം താമസിക്കുന്നവരും അല്ലാത്തവരുമായ വിദേശികൾക്കും ഗൾഫ് പൗരന്മാർക്കും കമ്പനികൾക്കും റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശം നൽകാൻ നിയമ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നു.