റിയാദ്: സൗദി അറേബ്യയിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചതിന് 421 പേരെ സൗദി അറേബ്യയിലെ അധികൃതർ അറസ്റ്റ് ചെയ്തതായി സൗദി പ്രസ് ഏജൻസി ബുധനാഴ്ച റിപ്പോർട്ട് ചെയ്തു.
നജ്റാൻ, ജസാൻ, അസീർ മേഖലകളിലെ ലാൻഡ് പട്രോളിംഗ് 53 ടൺ ഉത്തേജക ഖാറ്റ്, 807 കിലോ ഹാഷിഷ്, 145,597 ആംഫെറ്റാമൈൻ ഗുളികകൾ എന്നിവ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതായി ബോർഡർ ഗാർഡിന്റെ ജനറൽ ഡയറക്ടറേറ്റ് വക്താവ് കേണൽ മിസ്ഫർ അൽ ഖുറൈനി പറഞ്ഞു.
അറസ്റ്റിലായവരിൽ 39 പേർ സൗദി പൗരന്മാരും 342 പേർ യെമനികളും 38 പേർ എത്യോപ്യക്കാരും രണ്ട് ഇറാഖി പൗരന്മാരും ഉൾപ്പെട്ടതായി അധികൃതർ വ്യക്തമാക്കി.
പ്രതികൾക്കെതിരെയുള്ള പ്രാഥമിക നിയമനടപടികൾ പൂർത്തീകരിച്ചുവെന്നും കള്ളക്കടത്ത് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായും അൽ ഖുറൈനി കൂട്ടിച്ചേർത്തു.