മിർസാപൂർ (യു.പി) – യുദ്ധവിമാന പൈലറ്റായ ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതയായി സാനിയ മിർസ. എൻ.ഡി.എ പരീക്ഷയിൽ 149-ാം റാങ്ക് നേടിയാണ് മിർസാപൂരിൽ നിന്നുള്ള സാനിയ മിർസ ഇന്ത്യൻ വ്യോമസേനയിലെ ആദ്യത്തെ മുസ്‌ലിം പെൺ ഫൈറ്റർ പൈലറ്റാകാൻ ഒരുങ്ങുന്നത്. സാനിയ മിർസ യുദ്ധവിമാന പൈലറ്റായി തെരഞ്ഞെടുക്കപ്പെടുന്ന രാജ്യത്തെ രണ്ടാമത്തെ പെൺകുട്ടിയുമാണ്.
ഉത്തർ പ്രദേശിലെ ദേഹത് കോട്‌വാലി പോലീസ് സ്‌റ്റേഷൻ പരിധിയിലെ ജസോൾ എന്ന ചെറിയ ഗ്രാമത്തിലാണ് സാനിയയും കുടുംബവും താമസിക്കുന്നത്. പണ്ഡിറ്റ് ചിന്താമണി ദുബെ ഇന്റർ കോളേജിലാണ് ഒന്നു മുതൽ പത്തു വരെയുള്ള പഠനം നടന്നത്. തുടർന്ന് മിർസാപൂരിലെ ഗുരുനാനാക്ക് ഗേൾസ് ഇന്റർ കോളേജിൽ നിന്ന് 12-ാം ക്ലാസ് പരീക്ഷ പാസായി, ഉത്തർ പ്രദേശിലെ 12-ാം ക്ലാസ് ബോർഡിൽ ജില്ലാ ടോപ്പറായിരുന്നു. പിന്നീട് സെഞ്ചൂറിയൻ ഡിഫൻസ് അക്കാദമിയിൽനിന്നാണ് സാനിയ എൻ.ഡി.എയ്ക്ക് തയ്യാറെടുത്തത്.
2022 ഏപ്രിൽ പത്തിന് നടന്ന എൻ.ഡി.എ പരീക്ഷയിലെ മികച്ച നേട്ടവുമായാണ് സാനിയ പുതിയ ഉയരങ്ങളിലേക്കായി അക്കാദമിയിൽ അഭിമുഖത്തിന് എത്തിയത്. ഇന്ത്യൻ വ്യോമസേനയിൽനിന്നുള്ള നിയമനക്കത്ത് ലഭിച്ച സാനിയ ഈമാസം 27ന് പൂന്നൈ എൻ.ഡി.എയിൽ ജോയിൻ ചെയ്യും.