റിയാദ് – റിയാദ് ഇന്ത്യന്‍ എംബസിയില്‍ പത്താമത് അംബാസഡേഴ്‌സ് ചോയ്‌സ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ ആരംഭിച്ചു. സാംസ്‌കാരിക മന്ത്രാലയം ഏഷ്യ റീജ്യന്‍ ഡയറക്ടര്‍ മിശ്അല്‍ അല്‍സാലിഹ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു. എംബസി ചാര്‍ജ് ഡി അഫയേഴ്‌സ് എം.ആര്‍ സജീവ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
എല്ലാ വര്‍ഷവും രണ്ടായിരത്തിലധികം ഇന്ത്യന്‍ സിനിമകളാണ് റിലീസാവുന്നത്. അടുത്ത ഏതാനും വര്‍ഷങ്ങൾ കൊണ്ട് ലോകത്ത് ഏറ്റവുമധികം സിനിമ റീലീസ് ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറും. സൗദി സിനിമക്ക് അന്താരാഷ്ട്ര വേദികളില്‍ മികച്ച സ്ഥാനമാണുള്ളത്.
അംബാസഡര്‍മാരും ഡിപ്ലോമാറ്റുകളും സൗദി പൗരന്മാരും മാധ്യമപ്രവര്‍ത്തകരും ഇന്ത്യന്‍ കമ്മ്യുണിറ്റി അംഗങ്ങളും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ഫാരിസ് ഖുദ്‌സ് സംവിധാനം ചെയ്ത സൗദി സിനിമ ശംസുല്‍ മആരിഫ് ആണ് ആദ്യ ദിവസം പ്രദര്‍ശിപ്പിച്ച ചിത്രം.
അള്‍ജീരിയ, ആസ്‌ട്രേലിയ, ബംഗ്ലാദേശ്, ക്യൂബ, ഫ്രാന്‍സ്, കസാഖിസ്ഥാന്‍, മെക്‌സികോ, നോര്‍വെ, ഫിലിപ്പൈന്‍സ്, സ്‌പെയിന്‍സ്, ശ്രീലങ്ക, സുഡാന്‍, അമേരിക്ക എന്നീ 13 എംബസികളുമായി സഹകരിച്ചാണ് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ബറേലി കി ബര്‍ഫി, ഫ്രിഡ, ഉന്‍ കുഎന്തോ ചിനോ, ദി സഫയേഴ്‌സ് 2012, ഹബാനസ്‌റ്റേഷന്‍, യു വില്‍ ഡൈ അറ്റ് ട്വന്റി, ഹോപ്, ഡിലീഷ്യസ്, ബാര്‍ ബോയ്‌സ് ഹാസിന, എ ഡോട്ടേഴ്‌സ് ടൈല്‍, കോഡ, ഹെലിയോ പോളിസ്, ദി ന്യൂസ് പേപര്‍ എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ആറു മണിക്കാണ് പ്രദര്‍ശനം ആരംഭിക്കുക.