റിയാദ് – ലോകകപ്പ് കാണാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തുന്ന ടൂറിസ്റ്റുകളെ സ്വീകരിക്കാന്‍ സൗദി അറേബ്യയും തയ്യാറായി കഴിഞ്ഞു. ഹയാ കാര്‍ഡുമായി ഖത്തറിലെത്തുന്ന ഫുട്ബോള്‍ പ്രേമികള്‍ക്ക് സൗദിയിലെവിടെയും സന്ദര്‍ശിക്കാവുന്നതാണ്. കൂടുതല്‍ സരകര്യങ്ങളാണ് അതിര്‍ത്തിയായ സല്‍വ ചെക്ക് പോയന്റില്‍ ബന്ധപ്പെട്ടവര്‍ ഒരുക്കിയിരിക്കുന്നത്.
ഖത്തറിനോട് ചേര്‍ന്നു കിടക്കുന്ന അല്‍ഹസയിലാണ് ഏറ്റവും വലിയ ഒരുക്കങ്ങള്‍ നടത്തിയിരിക്കുന്നത്. നവീകരണത്തിന്റെ ഭാഗമായി ഭാഗികമായി അടച്ച സുഖല് ഖൈസരിയ 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ടൂറിസ്റ്റുകളുടെ വരവ് കാരണം മാര്‍ക്കറ്റ് കൂടുതല്‍ സജീവമായിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
സല്‍വ അതിര്‍ത്തി വഴി ഖത്തറിലേക്ക് പോകുന്നവരും വരുന്നവരും പാസ്പോര്‍ട്ട്, ഹയാ കാര്‍ഡ്, സൗദിയിലെ താമസ വിസയുള്ളവരാണെങ്കില്‍ റീഎൻട്രി എന്നിവ ജവാസാത്ത് അധികൃതരെ കാണിക്കേണ്ടിവരുമെന്ന് പബ്ലിക് പാസ്സ്പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി. ട്രാന്‍സ്പോര്‍ട്ട് വകുപ്പിന്റെ വെബ്സൈറ്റ് വഴി നേരത്തെ ബുക്ക് ചെയ്ത് ഷട്ടില്‍ ബസുകള്‍ ഉപയോഗിക്കാവുന്നതാണ്. രണ്ട് മേഖലകളിലായി ബസുകള്‍ക്ക് ഇവിടെ പാര്‍ക്കിംഗ് ഒരുക്കിയിട്ടുണ്ട്. 4 മണിക്കൂര്‍ മാത്രം അനുവദിക്കുന്ന ഹ്രസ്വകാല പാര്‍ക്കിംഗും 96 മണിക്കൂര്‍ വരെ അനുവദിക്കുന്ന ദീര്‍ഘസമയ പാര്‍ക്കിംഗുമാണ് ഒരുക്കിയിട്ടുള്ളത്. പാര്‍ക്കിംഗിൽ 3500 വാഹനങ്ങളെ ഉള്‍ക്കൊള്ളിക്കാനുള്ള സൗകര്യമുണ്ട്. 49 പേര്‍ക്ക് സഞ്ചരിക്കാവുന്ന 55 ബസുകള്‍ ഹുട്ബോള് ആരാധകര്‍ക്ക് ഖത്തറിലേക്ക് പോകാന്‍ തയാറാക്കിയിട്ടുണ്ടെന്ന് പൊതുഗതാഗത വകുപ്പ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
അതേസമയം ലോകകപ്പിനായി ഖത്തറില്‍ എത്തുന്നവർക്കടക്കം സൗദിയിലേക്ക് വരുന്ന ടൂറിസ്റ്റുകള്‍ക്ക് സൗദി അറേബ്യയില്‍ കാറോടിക്കാമെന്ന് പൊതുസുരക്ഷ ഡയറക്ടറേറ്റ് വൃക്തമാക്കി. റെന്റ് എ കാര്‍ സ്ഥാപനങ്ങളെയാണ്ഇതിനായി സമീപിക്കേണ്ടത്. ഓരോരുത്തര്‍ക്കും അവരുടെ ബോര്‍ഡര്‍ നമ്പറില്‍ വാഹനങ്ങള്‍ വാടകക്കെടുക്കാവുന്നതാണ്. റെന്റ് എ കാര്‍ സ്ഥാപനങ്ങള്‍ അബശ്ശിർ ആമാല്‍ വഴിയാണ് ഈ സേവനങ്ങള്‍ നൽകുന്നത്.