ജിദ്ദ: ഇന്റർനാഷനൽ ഓട്ടോമൊബൈൽ ഫെഡറേഷൻ സംഘടിപ്പിച്ച ‘വേൾഡ് ടൂറിങ് കാർ കപ്പ്’ (ഡബ്ല്യു.ടി.സി.ആർ) കാറോട്ട മത്സരം സമാപിച്ചു. ജിദ്ദ കോർണിഷ് കാറോട്ട മത്സര ട്രാക്കിൽ സൗദി മോട്ടോർ സ്പോർട്സ് കമ്പനിയുടെ സഹകരണത്തോടെ വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെയാണ് മത്സരങ്ങൾ നടന്നത്. ബെൽജിയൻ താരമായ ഗൈൽസ് മാഗ്നസിനാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
കോംടോയോ ഓഡി സ്പോർട്ട് ടീം ഡ്രൈവർ മാസിഡോണിയൻ താരം വിക്ടർ ഡേവിഡോവ്സ്കി രണ്ടാം സ്ഥാനവും സ്ക്വാഡ കോർസ് ടീമിലെ ബി.ആർ.സി ഹ്യുണ്ടായ് ഡ്രൈവർ സ്പാനിഷ് താരം മൈക്കൽ അസ്കോണയുമാണ് മൂന്നാം സ്ഥാനവും നേടിയത്.
ജിദ്ദ ഗവർണർ അമീർ സഊദ് ബിൻ അബ്ദുല്ല ബിൻ ജലവി വിജയികൾക്ക് കിരീടധാരണം നടത്തി. സൗദി മോട്ടോർ സ്പോർട്സ് ഫെഡറേഷൻ ഡയറക്ടർ ബോർഡ് ചെയർമാൻ അമീർ ഖാലിദ് ബിൻ സുൽത്താൻ അൽഫൈസൽ, സൗദി ഫെഡറേഷൻ ഓഫ് മോട്ടോഴ്സ് ആൻഡ് മോട്ടോർ സൈക്കിൾസ് ഡയറക്ടർ ബോർഡ് അംഗം അമീർ തലാൽ ബിൻ മുഹമ്മദ് അൽ അബ്ദുല്ല അൽ ഫൈസൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.