യോഗാ ഗുരുവും ഇഷാ ഫൗണ്ടേഷൻ സ്ഥാപകനുമായ സദ്ഗുരു ജഗ്ഗി വാസുദേവിന്റെ മണ്ണ് സംരക്ഷണ യാത്ര 27 രാഷ്ട്രങ്ങൾ കടന്ന് റിയാദിലെത്തി. സമയം അതിവേഗം സഞ്ചരിച്ചു കൊണ്ടിരിക്കുകയാണെന്നും മണ്ണിനെ വരാനിരിക്കുന്ന വംശനാശത്തിൽ നിന്ന് സംരക്ഷിക്കാൻ ലോക രാഷ്ട്രങ്ങൾ അടിയന്തര നയപരിപാടികൾ വികസിപ്പിക്കണമെന്നും അല്ലെങ്കിൽ വരും തലമുറ അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുമെന്നും സദ്ഗുരു പറഞ്ഞു.
മൂന്നു മുതൽ ആറു ശതമാനം വരെ ജൈവ ഉള്ളടക്കത്തിന്റെ പരിധി കൈവരിക്കുന്നതിന് കർഷകർക്ക് എല്ലാ രാഷ്ട്രങ്ങളും പ്രോത്സാഹനം നൽകണമെന്നും ഇതുവഴി ഭാവിയിൽ ഭക്ഷ്യ, ജല പ്രതിസന്ധിയിൽ നിന്ന് രക്ഷ നേടാമെന്നും റിയാദ് ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു. മണ്ണിനെ സംരക്ഷിക്കുകയെന്ന സന്ദേശവുമായി മാർച്ച് 21ന് ലണ്ടനിൽ നിന്ന് ആരംഭിച്ച് 27 രാജ്യങ്ങളിലൂടെ 36,000 കിലോമീറ്റർ ഏകാന്ത യാത്ര നടത്തുന്നതിന്റെ ഭാഗമായാണ് സദ്ഗുരു റിയാദിലെത്തിയത്.
ലണ്ടൻ, ആംസ്റ്റർഡാം, ബെർലിൻ, പ്രാഗ്, വിയന്ന, വെനീസ്, പാരീസ്, ബ്രസൽസ്, സോഫിയ, ബുഖാറസ്റ്റ്, ഇസ്തംബൂൾ, ടിബ്ലിസി, ജോർദാൻ, ടെൽഅവീവ്, അബിദ്ജാൻ തുടങ്ങിയ സ്ഥലങ്ങളിൽ സഞ്ചരിച്ച ശേഷം ഇന്നലെയാണ് റിയാദിൽ പ്രവേശിച്ചത്. റിയാദിൽ മുസ്‌ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽഈസ, സൗദി കൃഷി, പരിസ്ഥിതി മന്ത്രി എൻജിനീയർ അബ്ദുറഹ്മാൻ ബിൻ അബ്ദുൽ മുഹ്‌സിൻ അൽഅഫദ്‌ലി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. മൊത്തം 100 ദിവസത്തെ യാത്രയ്ക്ക് ശേഷം ദക്ഷിണേന്ത്യയിൽ കാമ്പയിൻ സമാപിക്കും.