സമൂഹമാധ്യമങ്ങളിലൂടെയും മറ്റും സൗദിയെ ലക്ഷ്യമിട്ട് അഭ്യൂഹങ്ങളും അപവാദ പ്രചാരണങ്ങളും നടത്തുന്നവർക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പബ്ലിക് പ്രോസിക്യൂഷൻ. അഞ്ച് വർഷം വരെ തടവും 3 ദശലക്ഷം റിയാൽ വരെ പിഴയും ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ കുറ്റവാളികൾക്കെതിരെ ചുമത്തുമെന്നും വ്യക്തമാക്കി.
പൊതു ക്രമസമാധാനവുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചു കിംവദന്തികളും നുണകളും പ്രചരിപ്പിക്കുകയോ സമൂഹമാധ്യമങ്ങളിലൂടെ അവയിൽ പങ്കാളികളാകുകയോ ചെയ്യുന്നതും പ്രത്യേകിച്ചു വിദേശത്ത് നിന്നു ശത്രുതാപരമായ ഉറവിടങ്ങളിൽ നിന്നും ലഭിക്കുന്ന കള്ളക്കഥകൾ കുറ്റകൃത്യങ്ങളിലൊന്നായി കണക്കാക്കപ്പെടുമെന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിക്കുകയോ സഹായിക്കുകയോ സമ്മതിക്കുകയോ ചെയ്യുന്ന ആർക്കും ശിക്ഷാ നടപടികൾ നേരിടേണ്ടിവരുമെന്നു പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. കിംവദന്തികൾക്കായി ഉപയോഗിച്ച ഉപകരണങ്ങൾ കണ്ടുകെട്ടൽ, കുറ്റവാളിയുടെ ചെലവിൽ പ്രാദേശിക മാധ്യമങ്ങളിൽ അന്തിമ വിധി പ്രസിദ്ധീകരിക്കൽ എന്നിവയും പിഴകളിൽ ഉൾപ്പെടും.
റിയാദ് സീസൺ പരിപാടിയെ കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ സൗദി അറേബ്യയെ ലക്ഷ്യമിട്ട് അഭ്യൂഹങ്ങളും അപവാദ പ്രചരണങ്ങളും പ്രചരിച്ചതിനെ തുടർന്നാണ് പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്.