ജിദ്ദയിലെ ഇന്റർമീഡിയറ്റ് സ്‌കൂളിൽ പതിനഞ്ചു വയസുകാരായ രണ്ടു സൗദി വിദ്യാർഥികൾ തമ്മിലുണ്ടായ സംഘട്ടനത്തിനിടെ ഒരു വിദ്യാർഥി മരിച്ച സംഭവത്തിൽ പ്രതിയായ വിദ്യാർഥിക്ക് നിരുപാധികം മാപ്പ് നൽകി കൊല്ലപ്പെട്ട വിദ്യാർഥിയുടെ പിതാവ്. അതേസമയം, സംഭവത്തിൽ ജിദ്ദ വിദ്യാഭ്യാസ വകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചു. സംഭവ സമയത്ത് ക്ലാസിൽ അധ്യാപകൻ ഉണ്ടായിരുന്നില്ല എന്ന് വ്യക്തമായിട്ടുണ്ട്. മറ്റു മാസങ്ങളിലേതു പോലെ റമദാനിൽ പിരീയഡുകൾക്കിടയിൽ അഞ്ചു മിനിറ്റ് ഇടവേളയില്ല. വിദ്യാർഥികൾ സംഘട്ടനത്തിൽ ഏർപ്പെട്ട സമയത്ത് ക്ലാസിൽ അധ്യാപകൻ ഉണ്ടാകാതിരുന്നത് ഗുരുതരമായ വീഴ്ചയാണ്. വിശദമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ വിദ്യാഭ്യാസ വകുപ്പ് നിയമാനുസൃത നടപടികൾ സ്വീകരിക്കും. ഇന്ന് രാവിലെയുണ്ടായ സംഘട്ടനത്തിൽ ഡെസ്‌കിൽ തലയടിച്ചാണ് വിദ്യാർഥി മരിച്ചത്. സംഘട്ടനത്തിലേർപ്പെട്ട വിദ്യാർഥികളെ സഹപാഠികൾ ചേർന്ന് പിടിച്ചുമാറ്റുകയായിരുന്നു. ഡെസ്‌കിൽ തലയടിച്ച വിദ്യാർഥി സഹപാഠികൾ ചേർന്ന് പിടിച്ചുമാറ്റിയ ശേഷം ബാലൻസ് തെറ്റി ബ്ലാക്ക്‌ബോർഡിലും തലയടിച്ച് നിലത്ത് വീണ് മരിക്കുകയായിരുന്നു. കൃത്രിമ ശ്വാസോച്ഛ്വാസം നൽകി സ്‌കൂളിലെ ഹെൽത്ത് സൂപ്പർവൈസർ വിദ്യാർഥിക്ക് പ്രാഥമിക ശുശ്രൂഷകൾ നൽകാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മസ്തിഷ്‌കത്തിൽ രക്തസ്രാവമുണ്ടായതാണ് മരണ കാരണം.