സൗദിയിലെ സ്മാർട്ട് സിറ്റി വിപ്ലവത്തിൽ പങ്കുചേർന്നുകൊണ്ട് ലുലു ഹൈപ്പർ മാർക്കറ്റ് സ്വപ്ന നഗരമായ നിയോമിൽ ആദ്യ എക്സ്പ്രസ് സ്റ്റോർ തുറന്നു. നിയോം ഓപറേഷൻസ് എക്സിക്യൂട്ടീവ് ഡയരക്ടർ അന്റോണിയോ വാലൻസുവേല, നിയോം ഓപറേഷൻസ് സപ്പോർട്ട് ഡയരക്ടർ ഹമദ് അൽ സുലൈമാൻ, എൻഗേജ്മെന്റ് ആന്റ് ലിഷർ സർവീസസ് സീനിയർ മാനേജർ കീത്ത് മിച്ചൽ, നിയോം കമ്യൂണിറ്റി ലീഡ് മഹ്മൂദ് എസ്. ലശീൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. ലുലു ഹൈപ്പർ മാർക്കറ്റ് സൗദി ഡയരക്ടർ ഷഹിം മുഹമ്മദ്, വെസ്റ്റേൺ പ്രോവിൻസ് റീജനൽ ഡയരക്ടർ റഫീഖ് മുഹമ്മദലി എന്നിവരും പങ്കെടുത്തു.
സൗരോർജം ഉപയോഗിക്കുന്നതിനു പുറമെ, സിംഗിൾ യൂസ് പ്ലാസ്റ്റിക് ഉപയോഗിക്കാത്തതും നിയോമിലെ ലുലു എക്സ്പ്രസിന്റെ സവിശേഷതയാണ്. സ്വപ്ന നഗരമായ നിയോമിൽ ആദ്യ ലുലു സ്റ്റോർ തുറക്കുന്നതിന് അവസരമൊരുക്കിയ സൗദി ഭരണാധികാരികൾക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യുസഫലി നന്ദി പറഞ്ഞു.