സൗദി അറേബ്യയില്‍ നിന്ന് അവധിക്ക് നാട്ടില്‍ പോയി നിശ്ചിത സമയത്തിനുള്ളിൽ മടങ്ങാത്തവര്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് തിരികെ വരാനാവില്ലെന്ന് പാസ്‌പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. എക്‌സിറ്റ് റീഎന്‍ട്രി വിസയില്‍ നാട്ടില്‍ പോയതിന് ശേഷം കാലാവധി കഴിഞ്ഞിട്ടും തിരികെ വരാത്തവര്‍ക്കാണ് മൂന്ന് വര്‍ഷത്തേക്ക് സൗദിയിലേക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
റീ എൻട്രി വിസയുള്ള പ്രവാസികൾ വിസയിൽ വ്യക്തമാക്കിയ സമയത്തിനുള്ളിൽ രാജ്യത്തേക്ക് മടങ്ങണമെന്നും അല്ലാത്തപക്ഷം തൊഴിലുടമ പുതിയ വിസ നൽകണമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (Jawazat) അറിയിച്ചു.
അതായത്, പഴയ സ്‌പോണ്‍സറുടെ പുതിയ വിസയില്‍ തിരിച്ചുവരാം. റീഎന്‍ട്രി വിസയുടെ കാലാവധി തീരുന്ന തീയതി മുതലാണ് മൂന്നുവര്‍ഷ കാലയളവ് കണക്കാക്കുന്നത്. ആശ്രിത വിസയില്‍ ഉള്ളവര്‍ക്ക് ഈ നിയമം ബാധകമായിരിക്കില്ല. അത്തരം വിസയില്‍ ഉള്ളവര്‍ റീഎന്‍ട്രി വിസയില്‍ നാട്ടില്‍ പോയി നിശ്ചിതകാലാവധിക്കുള്ളില്‍ മടങ്ങിയില്ലെങ്കിലും പുനഃപ്രവേശന വിലക്ക് ഉണ്ടാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, വിസിറ്റ് വിസക്കാര്‍ക്ക് സൗദി താത്ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഹജ്ജ് പ്രമാണിച്ചാണ് പുതിയ നിയന്ത്രണം. രാജ്യത്തെ ജിദ്ദ, മദീന, യാംബു, തായിഫ് വിമാനത്താവളങ്ങളിലാണ് താത്ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്. ജൂണ്‍ 9 മുതല്‍ ജൂലൈ 9 വരെയാണ് നിയന്ത്രണം.