സൗദിയിൽ കോവിഡ് നിയന്ത്രണ വിധേയമാണെങ്കിലും കർശന പരിശോധന തുടരുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
കോവിഡ് വ്യാപനം തടയുന്ന മുൻകരുതൽ നടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ റിയാദ് ആരോഗ്യ വകുപ്പ് ഒരാഴ്ചയ്ക്കിടെ തലസ്ഥാന നഗരിയിൽ പ്രവർത്തിക്കുന്ന ആരോഗ്യ സ്ഥാപനങ്ങളിൽ 4174 ഫീൽഡ് പരിശോധനകൾ നടത്തി.
മാർച്ച് 26 മുതൽ ഏപ്രിൽ ഒന്നു വരെയുള്ള ദിവസങ്ങളിലാണ് ഇത്രയും പരിശോധനകൾ നടത്തിയത്. സ്വകാര്യ ആശുപത്രികളിൽ 49 ഉം സർക്കാർ ആശുപത്രികളിൽ 226 ഉം ഗവൺമെന്റ് ഹെൽത്ത് സെന്ററുകളിൽ 350 ഉം പോളിക്ലിനിക്കുകളിൽ 2085 ഉം ഫാർമസികളിൽ 1464 ഉം ഫീൽഡ് പരിശോധനകളാണ് റിയാദ് ആരോഗ്യ വകുപ്പ് നടത്തിയത്.
കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്തുടനീളം പരിശോധനകൾ തുടരുമെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.