സൗദിയിൽ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കാനുള്ള തീരുമാനം ചൊവ്വാഴ്ച നിലവിൽവരും. രണ്ടാം ഡോസ് സ്വീകരിച്ച് എട്ടു മാസവും അതിൽ കൂടുതലും പിന്നിട്ട, പതിനെട്ടും അതിൽ കൂടുതലും പ്രായമുള്ള എല്ലാവരും ഫെബ്രുവരി ഒന്നു മുതൽ തവക്കൽനാ ആപ്പിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് തുടരാൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കണം. സാമ്പത്തിക, വ്യാപാര, സാംസ്കാരിക, സ്പോർട്സ്, വിനോദ സ്ഥാപനങ്ങളിൽ പ്രവേശിക്കാനും സാംസ്കാരിക, ശാസ്ത്ര, സാമൂഹിക, വിനോദ പരിപാടികൾ നടക്കുന്ന സ്ഥലങ്ങളിൽ പ്രവേശിക്കാനും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവേശിക്കാനും വിമാനങ്ങളിലും പൊതുഗതാഗത സംവിധാനങ്ങളിലും യാത്ര ചെയ്യാനും ഫെബ്രുവരി ഒന്നു മുതൽ തവക്കൽനാ ആപ്പിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് പ്രത്യക്ഷപ്പെടൽ നിർബന്ധ വ്യവസ്ഥയാണ്. തവക്കൽനാ ആപ്പിൽ പ്രത്യക്ഷപ്പെടുന്നതു പ്രകാരം വാക്സിൻ സ്വീകരിക്കുന്നതിൽ നിന്ന് പ്രത്യേകം ഇളവ് നൽകപ്പെട്ട വിഭാഗങ്ങളെ മാത്രമാണ് ഇതിൽ നിന്ന് ഒഴിവാക്കുക.