സൗദിയിൽ ജല ലഭ്യത ഉറപ്പുവരുത്താനുള്ള വിവിധ പഞ്ചവത്സര പദ്ധതികൾക്കായി 105 ബില്യൺ റിയാൽ അനുവദിച്ചതായി പരിസ്ഥിതി, ജല, കൃഷി വകുപ്പ് മന്ത്രി എൻജിനീയർ അബ്ദുറഹ്മാൻ ബിൻ അബ്ദുൽ മുഹ്സിൻ ഫദ്ലി അറിയിച്ചു. ഫണ്ട് അനുവദിച്ചതിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനും കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും മന്ത്രി നന്ദി അറിയിച്ചു.
1355 പദ്ധതികളാണ് വിവിധ ഘട്ടങ്ങളിലായി നടപ്പാക്കുന്നത്. ജല വിതരണത്തിലെയും സേവനത്തിലേയും നിലവാരവും ജലത്തിന്റെ ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിനും വിഭവങ്ങളുടെ വിനിയോഗം പരമാവധി കൂട്ടുന്നതിനും പദ്ധതികൾ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. ജല ഉപഭോഗവുമായി ബന്ധപ്പെട്ട ദേശീയ ജല നയത്തിന് അനുസൃതമായി പ്രവർത്തിക്കുകയും ജലസ്രോതസ്സുകൾ വികസിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുകയെന്നതാണ് മന്ത്രാലപരിസ്ഥിതിയത്തിന്റെ ലക്ഷ്യം.
വിഷൻ-2030 ന്റെ ലക്ഷ്യങ്ങൾ അനുസരിച്ച് രാജ്യം സാമ്പത്തികവും സാമൂഹികവുമായും വികസിക്കുന്നതിന് ആവശ്യമായ പദ്ധതികൾ വികസിപ്പിക്കുകയെന്നതും മന്ത്രാലയത്തിന്റെ ലക്ഷ്യമാണെന്നും മന്ത്രി, എൻജിനീയർ അബ്ദുറഹ്മാൻ ബിൻ അബ്ദുൽ മുഹ്സിൻ ഫദ്ലി കൂട്ടിച്ചേർത്തു.