സൗദിയിൽ സായുധ സേനയിൽ പുതിയ വനിതാ സൈനികർ പുറത്തിറങ്ങി. ആംഡ് ഫോഴ്സ് വനിതാ കേഡർ പരിശീലന കേന്ദ്രത്തിൽ നടന്ന ബിരുദദാന ചടങ്ങിൽ സായുധ സേനാ ജോയിന്റ് സ്റ്റാഫ് ഡയറക്ടർ മേജർ ജനറൽ ഹമദ് അൽഉമരി പങ്കെടുത്തു.
1443 പരിശീലന വർഷത്തേക്കുള്ള രണ്ടാം ഘട്ട കോഴ്സുകളിൽ പങ്കെടുത്ത വനിതാ കേഡറ്റുകളാണ് ബിരുദം നേടിയത്. പുതിയ വനിതാ കേഡറ്റുകളെ സൃഷ്ടിക്കുന്നതിൽ പരിശീലനകേന്ദ്രം നിർവഹിച്ച പങ്കിനെ അദ്ദേഹം പ്രശംസിച്ചു. ബിരുദം കരസ്ഥമാക്കിയ വനിതാ സൈനികർ ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് ജോലിയിൽ പ്രവേശിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് ചടങ്ങിൽ ഉപഹാരം നൽകി.
സായുധ സേനയുടെ വനിതാ കേഡർ പരിശീലന കേന്ദ്രം കമാൻഡർ ചീഫ് സർജൻ സുലൈമാൻ അൽ മാലിക്കി, ആംഡ് ഫോഴ്സ് എജ്യുക്കേഷൻ ആന്റ് ട്രെയിനിംഗ് അതോറിറ്റി മേധാവി മേജർ ജനറൽ ആദിൽ അൽബലാവി, സായുധസേന പബ്ലിക് റിലേഷൻസ് ആന്റ് മോറൽ ഗൈഡൻസ് ഡയറക്ടർ ജനറൽ മേജർ ജനറൽ സത്താം ബിൻ ഫാരിസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.