റിയാദ്: സൗദി അറേബ്യയിൽ ഭിന്നശേഷിക്കാരനായ കുട്ടിയെ ആക്രമിച്ച പ്രവാസിയെ പോലീസ് പിടികൂടി. വികലാംഗനായ കുട്ടിയെ മർദ്ദിച്ച സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിച്ചതിനെ തുടർന്നാണ് സൗദി അധികൃതർ പ്രവാസിയെ അറസ്റ്റ് ചെയ്തത്. സൗദി പ്രസ് ഏജൻസി (എസ്പിഎ) വ്യാഴാഴ്ചയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അതേസമയം നജ്ദിലെ വാദി അദ്-ദവാസിർ പട്ടണത്തിലെ അയൽപക്കത്തുള്ള സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയെ മർദിക്കുന്ന ഈജിപ്ഷ്യൻ സ്വദേശിക്കെതിരെ സൗദി അറേബ്യയിലെ അറ്റോർണി ജനറൽ ഷെയ്ഖ് സൗദ് ബിൻ അബ്ദുല്ല അൽ മുജീബ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
ആക്രമണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. പബ്ലിക് പ്രോസിക്യൂഷൻ അദ്ദേഹത്തിനെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ SPA-യോട് വ്യക്തമാക്കി.
സൗദിയുടെ ശിക്ഷാനിയമം കുട്ടികളെ ദുരുപയോഗത്തിൽ നിന്ന് സംരക്ഷിക്കുന്നു. ബാല സംരക്ഷണ നിയമത്തിന് അനുസൃതമായി ഇരയ്ക്ക് കൗൺസിലിംഗ് ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.