റോം: ഊർജം, നിക്ഷേപം, മനുഷ്യാവകാശം എന്നീ മേഖലകളിൽ സൗദി അറേബ്യയുമായുള്ള സഹകരണം വർദ്ധിപ്പിക്കാൻ ഉദ്ദേശിക്കുന്നതായി ഇറ്റലിയിലെ പുതിയ സർക്കാർ അറിയിച്ചു.
സൽമാൻ രാജാവിൽ നിന്നും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനിൽ നിന്നും ഞായറാഴ്ച തനിക്ക് ലഭിച്ച അഭിനന്ദന സന്ദേശത്തിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി ജോർജിയ മെലോണി ട്വീറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
“മിഡിൽ ഈസ്റ്റിന്റെ സ്ഥിരതയിലും ഊർജം, നിക്ഷേപം, മനുഷ്യാവകാശം എന്നിവയിൽ കൂടുതൽ സഹകരണത്തിലും ഇറ്റലിക്ക് ശക്തമായ താൽപ്പര്യമുള്ളതായും” അവർ പറഞ്ഞു.
മെലോണി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് തൊട്ടുപിന്നാലെയാണ് സൗദി അഭിനന്ദന സന്ദേശം ആദ്യം എത്തിയതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.
ഇറ്റലിയുടെ പുതിയ ഗവൺമെന്റ് സൗദി അറേബ്യയുമായുള്ള മികച്ച ബന്ധം നിലനിർത്താൻ താൽപ്പര്യപ്പെടുന്നുവെന്ന് ഓഫീസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. വളരെക്കാലമായി ഇരു രാജ്യങ്ങൾക്കും തൃപ്തികരമായ ബന്ധമാണുള്ളത്.
ഈ വർഷം സൗദിയും ഇറ്റലിയും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 90-ാം വാർഷികമാണ്.
അതേസമയം ഏതാനും ദിവസങ്ങൾക്ക് മുമ്പ്, അംബാസഡർ ഫൈസൽ ബിൻ സത്താം അബ്ദുൽ അസീസ് അൽ-സൗദ്, ഇറ്റലിയുടെ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറലിനോട്, റോമിലെ സൗദി എംബസി സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്ന നിരവധി സംരംഭങ്ങളെ കുറിച്ച് വിശദീകരിച്ചിരുന്നു.