ജിദ്ദ – സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരനും ജപ്പാൻ പ്രതിരോധ മന്ത്രി യാസുകാസു ഹമാഡയും കൂടിക്കാഴ്ച നടത്തി. ടോക്യോയിൽ ജപ്പാൻ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തു വെച്ചാണ് യാസുകാസു ഹമാഡ സൗദി പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
സൈനിക, പ്രതിരോധ മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതിനെ കുറിച്ചും സൗദി അറേബ്യയും ജപ്പാനും തമ്മിലുള്ള ബന്ധങ്ങളും മേഖലാ, ആഗോള തലത്തിലെ പുതിയ സംഭവവികാസങ്ങളും ഇക്കാര്യങ്ങളിൽ നടത്തുന്ന ശ്രമങ്ങളും ഇരുവരും കൂടിക്കാഴ്ചയിൽ വിശകലനം ചെയ്തു. സൗദി ചീഫ് ഓഫ് സ്റ്റാഫ് ജനറൽ ഫയാദ് അൽറുവൈലി, പ്രതിരോധ സഹമന്ത്രി ഡോ. ഖാലിദ് അൽബയാരി, ജപ്പാനിലെ സൗദി അംബാസഡർ നായിഫ് അൽഫഹാദി, പ്രതിരോധ മന്ത്രിയുടെ ഓഫീസ് ഡയറക്ടർ ജനറൽ ഹിശാം ബിൻ അബ്ദുൽ അസീസ് ബിൻ സൈഫ് എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.