റിയാദ് -സൗദി അറേബ്യയുടെ വാര്‍ഷിക ബജറ്റ് ബുധനാഴ്ച നടക്കുന്ന മന്ത്രിസഭ യോഗത്തില്‍ അവതരിപ്പിക്കും. സല്മാന് രാജാവിന്റെ അധ്യക്ഷതയിലാണ് ബജറ്റ് അവതരണം നടക്കുന്നത്. ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ ആണ് ബജറ്റ് അവതരിപ്പിക്കുന്നത്. ഈ വര്‍ഷത്തെ ബജറ്റ് മിച്ചം നേടിയ പശ്ചാത്തലത്തില്‍ വന്‍ വികസന പദ്ധതികളാണ് അടുത്ത വര്‍ഷത്തേക്കുള്ള ബജറ്റില്‍ പ്രതീക്ഷിക്കുന്നത്. എട്ടു വര്‍ഷം നീണ്ട കമ്മിക്കു ശേഷമാണ് ഈ വര്‍ഷം ബജറ്റ് മിച്ചം കൈവരിച്ചിരിക്കുന്നത്.
ഈ വര്‍ഷം 90 ബില്യണ്‍ റിയാലും അടുത്ത കൊല്ലം ഒമ്പതു ബില്യണ്‍ റിയാലും 2024 ല്‍ 21 ബില്യണ്‍ റിയാലും 2025 ല്‍ 71 ബില്യണ്‍ റിയാലുമാണ് സര്‍ക്കാര്‍ മിച്ചം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ കൊല്ലം കമ്മി 73 ബില്യണ്‍ റിയാലായിരുന്നു. തുടര്‍ച്ചയായി എട്ടാം വര്‍ഷമാണ് സൗദി അറേബ്യ കഴിഞ്ഞ കൊല്ലം ബജറ്റ് കമ്മി രേഖപ്പെടുത്തിയത്. ഇതിനു മുമ്പ് 2013 ല്‍ ആണ് ഏറ്റവും അവസാനമായി മിച്ചം രേഖപ്പെടുത്തിയത്. ആ വര്‍ഷം 158 ബില്യണ്‍ റിയാല്‍ ബജറ്റ് മിച്ചം കൈവരിച്ചിരുന്നു.