ഈ വർഷത്തെ ഹജിന് വിദേശങ്ങളിൽ നിന്ന് എട്ടര ലക്ഷം പേർക്കും സൗദി അറേബ്യക്കകത്തു നിന്ന് സ്വദേശികളും വിദേശികളും അടക്കം ഒന്നര ലക്ഷം പേർക്കും അനുമതി നൽകുമെന്ന് അധികൃതർ. ഇത്തവണ ഹജ് അനുമതി നൽകുന്നവരിൽ 15 ശതമാനം സൗദി അറേബ്യക്കകത്തു നിന്നും 85 ശതമാനം വിദേശങ്ങളിൽ നിന്നുമാകും. മുഴുവൻ ലോക രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഹജിന് അവസരം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് വിദേശങ്ങളിൽ നിന്നുള്ള എട്ടര ലക്ഷം പേർക്ക് ഹജ് അനുമതി നൽകുന്നത്. കോവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ടു വർഷങ്ങളിലും സൗദി അറേബ്യക്കകത്തു നിന്നുള്ളവർക്കു മാത്രമാണ് ഹജ് നിർവഹിക്കാൻ അവസരം ലഭിച്ചത്.
ഇത്തവണ സൗദി അറേബ്യക്കകത്തു നിന്നും വിദേശങ്ങളിൽ നിന്നുമായി ആകെ പത്തു ലക്ഷം പേർക്ക് ഹജ് അനുമതി നൽകുമെന്ന് ഹജ്, ഉംറ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 65 ൽ കുറവ് പ്രായമുള്ള, സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിൻ ഡോസുകൾ പൂർത്തിയാക്കിയവർക്കാണ് ഹജ് അനുമതി ലഭിക്കുക. വിദേശങ്ങളിൽ നിന്ന് എത്തുന്ന തീർഥാടകർ സൗദിയിലേക്ക് യാത്ര തിരിക്കുന്നതിന് 72 മണിക്കൂറിനിടെ നടത്തുന്ന കോവിഡ് പരിശോധനയുടെ നെഗറ്റീവ് റിപ്പോർട്ട് സമർപ്പിക്കണമെന്നും വ്യവസ്ഥയുണ്ട്.