അതിശൈത്യം കണക്കിലെടുത്ത് തബൂക്കിൽ നാലു ദിവസം സ്‌കൂൾ സമയത്തിൽ മാറ്റം. വിദ്യാർഥികളുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ മുൻനിർത്തിയാണ് സ്‌കൂൾ സമയത്തിൽ മാറ്റം വരുത്തിയതെന്ന് തബൂക്ക് വിദ്യാഭ്യാസ വകുപ്പ് പറഞ്ഞു. ഇതു പ്രകാരം തിങ്കൾ മുതൽ വ്യാഴം വരെയുള്ള നാലു ദിവസങ്ങളിൽ സ്‌കൂളുകളിൽ ആദ്യ പിരിയഡ് ആരംഭിക്കുക രാവിലെ ഒമ്പതു മണിക്കാണ്. സർക്കാർ, സ്വകാര്യ സ്‌കൂളുകൾക്കും കിന്റർഗാർട്ടനുകൾക്കും തീരുമാനം ബാധകമാണ്. തബൂക്കിലും പ്രവിശ്യയിൽ പെട്ട ഹഖ്ൽ, തൈമാ, അൽവജ് എന്നീ സബ്ഗവർണറേറ്റുകളിലും പരിസരപ്രദേശങ്ങളിലും പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കെല്ലാം തീരുമാനം ബാധകമാണ്.
ഉത്തര അതിർത്തി പ്രവിശ്യയിലെ സ്‌കൂളുകളിലും സമാന രീതിയിൽ അടുത്ത വ്യാഴം വരെ പ്രവൃത്തി സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഇവിടെയും ഈ ദിവസങ്ങളിൽ സ്‌കൂളുകളുടെ പ്രവൃത്തി സമയം ആരംഭിക്കുക രാവിലെ ഒമ്പതു മണിക്കായിരിക്കുമെന്ന് ഉത്തര അതിർത്തി പ്രവിശ്യ വിദ്യാഭ്യാസ വകുപ്പ് പറഞ്ഞു.