അഫ്ലാജിൽ ട്രക്ക് പാഞ്ഞുകയറി നാലു പേർ മരിച്ചു. ലൈലാ അഫ്ലാജ്-റിയാദ് റോഡിൽ നടക്കുന്ന റോഡ് പണിക്കിടെയാണ് ട്രക്ക് പാഞ്ഞു കയറി തമിഴ്നാട് സ്വദേശിയടക്കം നാലു പേർ മരിച്ചത്. രണ്ട് സുഡാനികൾ, ഒരു നേപ്പാൾ പൗരൻ എന്നിവരാണ് മരിച്ച മറ്റുള്ളവർ. കന്യാകുമാരി സ്വദേശി ഗോപാലകൃഷ്ണ പിള്ള (56) യാണ് മരിച്ച ഇന്ത്യക്കാരൻ. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.
ടാറിംഗ് പൂർത്തിയായ ലൈലാ അഫ്ലാജ്-റിയാദ് റോഡിൽ ഡിവൈഡറുകൾ സ്ഥാപിക്കുന്നതിനുള്ള പണി പുരോഗമിക്കുന്നതിനിടെയാണ് അപകടം. വാഹനങ്ങൾക്ക് സിഗ്നൽ നൽകുന്നതിന് വേണ്ടി റോഡ് നിർമാണ കമ്പനിയുടെ പിക്കപ്പ് സിഗ്നൽ നൽകി റോഡിൽ നിർത്തിയിട്ടിരുന്നു. ഇതിന് മുന്നിലാണ് തൊഴിലാളികൾ പണിയെടുത്തിയിരുന്നത്. അതിനിടെ അശ്രദ്ധമായി ഓടിച്ചെത്തിയ ട്രക്ക് പിക്കപ്പിനെയും തൊഴിലാളികളെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മറ്റൊരു നേപ്പാളി പൗരനായിരുന്നു ട്രക്ക് ഡ്രൈവർ. പിക്കപ്പിലുണ്ടായിരുന്ന രണ്ട് പേരും ജോലിയിലേർപ്പെട്ടിരുന്ന രണ്ടു പേരുമാണ് മരിച്ചത്. ഗോപാലകൃഷ്ണ പിള്ളയടക്കം മൂന്നു പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ട്രക്ക് ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണം.
അഫ്ലാജ് ജനറൽ ആശുപത്രിയിലുള്ള ഗോപാലകൃഷ്ണന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സന്നദ്ധ പ്രവർത്തകർ രംഗത്തുണ്ട്. ഗോപാലകൃഷ്ണ പിള്ള 14 വർഷമായി കമ്പനി ജീവനക്കാരനാണ്. കന്യാകുമാരി നീലകണ്ഠ പിള്ളയുടെയും വല്യമ്മാളിന്റെയും മകനാണ് ഗോപാലകൃഷ്ണൻ. ഭാര്യ: കല.