ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിറിൽ വാഹന വിൽപന സേവനം ഉൾപ്പെടുത്തി. 500 റിയാൽ മുതൽ പത്തു ലക്ഷം റിയാൽ വരെ വിലയുള്ള വാഹനങ്ങളുടെ വിൽപന നടപടികൾ അബ്ശിർ വഴി പൂർത്തിയാക്കാം. പുതിയ സേവനത്തിൽ ഇടനിലക്കാരന്റെ അക്കൗണ്ടിൽ ആണ് വാഹനത്തിന്റെ വില അടയ്‌ക്കേണ്ടത്. ഇത് ഉപയോക്താക്കളുടെ അവകാശങ്ങൾ ഉറപ്പു വരുത്തും. വാഹന വിൽപന, വാങ്ങൽ ഇടപാടുകളുടെ സുരക്ഷിതത്വം വർധിപ്പിക്കാനും കക്ഷികൾ തമ്മിലെ വിശ്വാസ്യത ഉയർത്താനും പുതിയ സേവനം സഹായിക്കുന്നു.
ഇരു കക്ഷികളും തമ്മിൽ അഭിപ്രായ വ്യത്യാസം ഉടലെടുക്കുകയോ വിൽപന ഇടപാട് തുടരാൻ ആഗ്രഹിക്കാതിരിക്കുകയോ ചെയ്യുന്ന പക്ഷം വാഹനം കൈമാറൽ ഓപ്ഷൻ പൂർത്തിയാക്കുന്നതിനു മുമ്പായി ഏതു സമയത്തും സേവനം വഴി ഇടപാട് റദ്ദാക്കാൻ സാധിക്കും. ഇത്തരം സാഹചര്യങ്ങളിൽ ഇടപാട് വകയിൽ അടച്ച പണം പൂർണമായും ഇലക്‌ട്രോണിക് രീതിയിൽ തിരികെ ലഭിക്കുകയും ചെയ്യും. പുതിയ സേവനം പ്രയോജനപ്പെടുത്താൻ വാഹനം വിൽക്കുന്ന ആളും വാങ്ങുന്ന ആളും അബ്ശിറിൽ രജിസ്റ്റർ ചെയ്തവർ ആയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്.
കൂടാതെ വാഹനം നല്ല കണ്ടീഷനിൽ ആയിരിക്കുകയും വേണം. സുരക്ഷാ വകുപ്പുകൾ കസ്റ്റഡിയിലെടുത്തതോ അന്വേഷിച്ചുവരുന്നതോ നഷ്ടപ്പെട്ടതോ ആയ വാഹനങ്ങളുടെ വിൽപന ഇടപാടുകൾ ഈ സേവനം വഴി പൂർത്തിയാക്കാൻ സാധിക്കില്ല. വെഹിക്കിൾ രജിസ്‌ട്രേഷനും ഫഹ്‌സുദ്ദൗരി പരിശോധനക്കും ഇൻഷുറൻസിനും കാലാവധിയുണ്ടായിരിക്കണമെന്നും വാഹന വിൽപന ഇടപാട് പൂർത്തിയാക്കാനുള്ള സർക്കാർ ഫീസ് ആയ 150 റിയാൽ ഓൺലൈൻ പെയ്‌മെന്റ് സംവിധാനമായ സദ്ദാദ് വഴി അടയ്ക്കണമെന്നും വാഹനം വാങ്ങുന്ന ആളുടെ പേരിലും വാഹനത്തിന്റെ പേരിലും ഗതാഗത നിയമ ലംഘനങ്ങൾക്ക് ചുമത്തിയ പിഴകൾ അടയ്ക്കാതെ ബാക്കിയുണ്ടാകാൻ പാടില്ലെന്നും വ്യവസ്ഥകളുണ്ട്.
വിദേശികൾക്ക് പരമാവധി എട്ടു സീറ്റുകൾ വരെയുള്ള രണ്ടു പ്രൈവറ്റ് വാഹനങ്ങൾ സ്വന്തം ഉടമസ്ഥതയിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കും. വാഹന ഉടമസ്ഥാവകാശം മാറ്റാനുള്ള സർക്കാർ ഫീസ് ആയ 150 റിയാലിനു പുറമെ അബ്ശിർ വഴി വിൽപന ഇടപാട് പൂർത്തിയാക്കാൻ വാറ്റ് അടക്കം 230 റിയാലും ഫീസ് നൽകണം. ഉടമസ്ഥാവകാശം മാറ്റാനുള്ള ഫീസും ഇടപാട് പൂർത്തിയാക്കാനുള്ള ഫീസും വാഹനത്തിന്റെ വിലയിൽ ഉൾപ്പെടുത്തി വാഹനം വാങ്ങുന്ന ആളാണ് അടയ്‌ക്കേണ്ടത്. എന്തെങ്കിലും കാരണത്തിന് വിൽപന ഇടപാട് റദ്ദാക്കുന്ന പക്ഷം ഈ ഫീസുകളെല്ലാം തിരികെ ലഭിക്കും. സൗദി പൗരന്മാർക്ക് ഖുസൂസി, ഖുസൂസി നഖ്ൽ വാഹനങ്ങളും വിദേശികൾക്ക് ഖുസൂസി വാഹനങ്ങളും അബ്ശിർ വഴി വിൽക്കാൻ സാധിക്കും.