സൗദി അറേബ്യയിൽ ആഗോള വിതരണശൃംഖലകൾ സ്ഥാപിക്കുന്നതിനായുള്ള ദേശീയ സംരംഭം പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയും സാമ്പത്തിക വികസനകാര്യ കൗൺസിൽ ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാനാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. വിതരണശൃംഖലയിലെ ഒരു പ്രധാന കേന്ദ്രമായും സുപ്രധാന കണ്ണിയായും രാജ്യത്തിന്റെ സ്ഥാനം നിലനിർത്തുകയാണ് പ്രഖ്യപനത്തിലൂടെ ലക്ഷ്യവയ്ക്കുന്നത്.
ഈ സംരംഭം വിജയങ്ങൾ കൈവരിക്കാനുള്ള മികച്ച അവസരമായിരിക്കുമെന്ന് കിരീടാവകാശി വ്യക്തമാക്കി. നേരത്തെ ആരംഭിച്ച സംരംഭങ്ങളും വിജയിക്കാൻ പുതിയ സംരംഭം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ എല്ലാ മേഖലകളിലും നിക്ഷേപകരെ ശാക്തീകരിക്കുമെന്നും വിഷൻ 2030 ന്റെ അഭിലാഷങ്ങൾ കൈവരിക്കാനും ഇതിലൂടെ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ദേശീയ സമ്പദ് വ്യവസ്ഥയുടെ സ്രോതസ്സുകൾ വികസിപ്പിക്കുന്നതും ഈ സംരംഭത്തിലൂടെ വൈവിധ്യവൽക്കരിക്കും. 2030 ഓടെ ഇത് ലോകത്തിലെ ഏറ്റവും വലിയ 15 സമ്പദ്വ്യവസ്ഥകളിലൊന്നായി സൗദിയുടെ സാമ്പത്തികനിലയെ മെച്ചപ്പെടുത്തുമെന്ന് വിലയിരുത്തുന്നു. ഇതിലൂടെ വിതരണശൃംഖലയിലെ നിക്ഷേപകർക്ക് അനുയോജ്യമായ നിക്ഷേപ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട്. അതോടൊപ്പം രാജ്യത്തേക്ക് അന്താരാഷ്ട്ര കമ്പനികളുടെ പ്രാദേശിക ആസ്ഥാനത്തെ സ്വാധീനിക്കാനും ഇതിലൂടെ സാധിക്കുന്നതാണ്.