ആഭ്യന്തര സർവീസുകളിൽ പതിനായിരത്തോളം സീറ്റുകൾ വർധിപ്പിച്ചതായി സൗദിയ അറിയിച്ചു. പെരുന്നാൾ അവധി തീരുന്നതു വരെയുള്ള ദിവസങ്ങളിലാണ് സൗദിയ ആഭ്യന്തര സർവീസുകളിൽ പതിനായിരത്തോളം സീറ്റുകൾ ഉയർത്തിയിരിക്കുന്നത്. ടിക്കറ്റ് നിരക്ക് വർധനക്ക് പരിഹാരം കാണാൻ കൂടുതൽ സർവീസുകൾ ഏർപ്പെടുത്തിയും ചില സെക്ടറുകളിലെ സർവീസുകൾക്ക് കൂടുതൽ വലിയ വിമാനങ്ങൾ ഉപയോഗിച്ചുമാണ് സൗദിയ ആഭ്യന്തര സർവീസുകളിൽ സീറ്റുകൾ ഉയർത്തിയത്. സൗദിയ സീറ്റുകൾ ഉയർത്തിയത് ആഭ്യന്തര ടിക്കറ്റ് നിരക്കുകൾ കുറയാൻ സഹായിക്കുമെന്ന് അൽസ്വരീഹ് ട്രാവൽസ് കമ്പനി കൊമേഴ്‌സ്യൽ വിഭാഗം മാനേജർ റാമി അൽസുബാഇ പറഞ്ഞു. സൗദിയയുടെ പാത പിന്തുടർന്ന് മറ്റു വിമാന കമ്പനികളും ജിദ്ദ അടക്കമുള്ള നഗരങ്ങളിലേക്കുള്ള സീറ്റ് ശേഷി ഉയർത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് റാമി അൽസുബാഇ പറഞ്ഞു.