ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ മുഴുവന്‍ ആപ്പുകളും സിഹതീ ആപ്പില്‍ ലയിപ്പിച്ചു. സിഹ, തത്മ്ന്‍, മൗഇദ് ആപ്പുകളാണ് സിഹതീ ആപ്പില്‍ ലയിപ്പിച്ചത്. ഇതോടെ ആരോഗ്യ മന്ത്രാലയത്തിന്റെ ഏകീകൃത ആപ്പ് ആയി സിഹതീ ആപ്പ് മാറി. സ്വദേശികള്‍ക്കും വിദേശികള്‍ക്കും നല്‍കുന്ന സേവനങ്ങള്‍ എളുപ്പമാക്കാനും ആരോഗ്യ സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാനുമാണ് ആപ്പുകള്‍ ലയിപ്പിച്ചത്.
ഓണ്‍ലൈന്‍ രീതിയില്‍ മെഡിക്കല്‍ കണ്‍സള്‍ട്ടേഷന്‍ നല്‍കാനാണ് ആരോഗ്യ മന്ത്രാലയം സിഹതീ ആപ്പ് ആരംഭിച്ചിരുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ അംഗീകാരവും വിശ്വാസ്യതയുമുള്ള ഡോക്ടര്‍മാര്‍ മുഖേനെയാണ് ഓണ്‍ലൈന്‍ രീതിയില്‍ ഗുണഭോക്താക്കള്‍ക്ക് മെഡിക്കല്‍ കണ്‍സള്‍ട്ടേഷന്‍ നല്‍കുന്നത്. വീഡിയോ കോളും വോയ്‌സ് കോളും സന്ദേശങ്ങളും വഴി എളുപ്പത്തില്‍ ഗുണഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ രീതിയില്‍ മെഡിക്കല്‍ കണ്‍സള്‍ട്ടേഷന്‍ ലഭിക്കും. ഐസൊലേഷന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ ഇത് ശക്തമായി പാലിക്കുന്നത് ഉറപ്പുവരുത്താന്‍ വേണ്ടിയാണ് തത്മ്ന്‍ ആപ്പ് ആരോഗ്യ മന്ത്രാലയം ആരംഭിച്ചത്. ഐസൊലേഷന്‍ പാലിക്കുന്നവരെ നിരന്തരം നിരീക്ഷിക്കാനും ആരോഗ്യ സ്ഥിതിഗതികള്‍ നിരീക്ഷിക്കാനും അവരുമായി നേരിട്ട് ആശയവിനിമയം നടത്താനും തതമ്മന്‍ ആപ്പ് അവസരമൊരുക്കുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാന്‍ രോഗികള്‍ക്കും ഗുണഭോക്താക്കള്‍ക്കും അവസരമൊരുക്കാന്‍ ലക്ഷ്യമിട്ടാണ് മൗഇദ് ആപ്പ് ആരോഗ്യ മന്ത്രാലയം ആരംഭിച്ചത്. അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യല്‍, അപ്പോയിന്റ്‌മെന്റില്‍ ഭേദഗതി വരുത്തല്‍, റദ്ദാക്കല്‍ എന്നിവയെല്ലാം ആപ്പ് വഴി സാധിക്കും. ഈ മൂന്നു ആപ്പുകളിലെയും സേവനങ്ങള്‍ ഇനി മുതല്‍ സിഹതീ ആപ്പില്‍ ലഭിക്കും.