സൗദിയിൽ സ്വദേശികൾക്ക് ജോലി ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആറു തൊഴിൽ മേഖലയിൽ കൂടി സൗദിവത്കരണം നടപ്പിലാക്കുമെന്ന് മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് ബിൻ സുലൈമാൻ അൽറാജ്ഹി പ്രഖ്യാപിച്ചു. ലൈസൻസുള്ള ഏവിയേഷൻ ജോലികൾ, ഒപ്റ്റിക്‌സ് ജോലികൾ, വാഹന പരിശോധന ജോലികൾ, തപാൽ സേവന ഔട്ട്‌ലെറ്റുകളിലേയും പാഴ്‌സൽ ഗതാഗതത്തിലേയും ജോലികൾ, ഉപഭോക്തൃ സേവന ജോലികൾ, ഏഴ് സാമ്പത്തിക മേഖലയിലെ വിൽപ്പന ഔട്ട്‌ലെറ്റുകൾ എന്നിവിടങ്ങളിലാണ് സ്വദേശിവത്കരണം നടപ്പിലാക്കുന്നത്. തൊഴിൽ മേഖലയിൽ സ്വദേശികളുടെ പങ്കാളിത്തവും നിലവാരവും ഉയർത്താനും അവരുടെ സാമ്പത്തിക സംഭാവന വർധിപ്പിക്കാനുമാണ് ഈ തീരുമാനം. ഇതിലൂടെ 33,000 കൂടുതൽ തൊഴിലവസരങ്ങൾ സ്വദേശികൾക്ക് ലഭിക്കുമെന്നാണ് കരുതുന്നത്.