സൗദിയിൽ ഇഖാമ കാലാവധി കഴിഞ്ഞതിനാൽ ഇന്ത്യൻ പാസ്പോർട്ട് പുതുക്കാനാകാതെ വിഷമിക്കുന്ന ഇന്ത്യൻ പ്രവാസികൾക്ക് അഞ്ച് വർഷം കാലാവധിയുള്ള താൽക്കാലിക പാസ്പോർട്ട് അനുവദിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
ഇഖാമ കാലാവധി കഴിഞ്ഞവരുടെ അപേക്ഷയും സ്വീകരിക്കാൻ വി.എഫ്.എസ് സെന്ററുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും, അത്തരം പ്രവാസികൾ അവരുടെ സ്പോൺസറുടെയോ കമ്പനിയുടെയോ ‘ഇഖാമ പിന്നീട് പുതുക്കികൊടുക്കാം’ എന്ന് ഉറപ്പ് നൽകുന്ന ഒരു കത്ത് ഹാജരാക്കിയാൽ അഞ്ച് വർഷം കാലാവധിയുള്ള താൽക്കാലിക പാസ്പോർട്ട് അനുവദിക്കും. പിന്നീട് ഇഖാമ പുതുക്കിയാൽ ഇവർക്ക് 10 വർഷം കാലാവധിയുള്ള സാധാരണ പാസ്പോർട്ടിന് അപേക്ഷിക്കാമെന്നും എംബസി വ്യക്തമാക്കി.